കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 132 പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. മുനിസിപ്പല്‍കാര്യ, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രിയായ ഡോ. റാണ അല്‍ ഫാരിസിന്റെ നിര്‍ദേശ പ്രകാരം കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്‍മദ് അല്‍ മന്‍ഫൗഹിയാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
മുനിസിപ്പാലിറ്റിയിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ സംസ്‍കരിക്കുന്ന വിഭാഗത്തിലെ 37 പേരും ഇവരില്‍ ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നവരും ഖബറുകള്‍ കുഴിക്കുന്നവരും മുനിസിപ്പാലിറ്റിയിലെ ടെക്നീഷ്യന്മാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഏഴ് വനിതകളും ഇപ്പോള്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
പിരിച്ചുവിടപ്പെടാന്‍ പോകുന്ന ജീവനക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തി രണ്ട് പട്ടികകളാണ് അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഒരു പട്ടികയില്‍ 69 പേരും രണ്ടാമത്തെ പട്ടികയില്‍ 53 പേരും ഉള്‍പ്പെടുന്നു. മൂന്ന് മാസത്തെ നോട്ടീസ് പീരിഡാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് അവസാനിക്കുന്ന തീയ്യതിയായ ഡിസംബര്‍ രണ്ടിന് കുവൈത്ത് മുനിസിലാപ്പിറ്റിയിലെ ഇവരുടെ ജോലി അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്.
മൂന്ന് ഘട്ടങ്ങളായി സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് കുവൈത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നവരുടെ പേരുകളാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തുവിട്ടതും നോട്ടീസ് നല്‍കിയതും. അടുത്ത വര്‍ഷം ആദ്യത്തോടെ കൂടുതല്‍ പ്രവാസികളെ ജോലിയില്‍ നിന്ന് ഒഴിവാക്കും. 2023 ജുലൈ ആദ്യത്തോടെ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തോടെ പ്രവാസികളെ ഏതാണ്ട് പൂര്‍ണമായി ജോലികളില്‍ നിന്ന് ഒഴിവാക്കാനാണ് അധികൃതരുടെ തീരുമാനം.