തിരുവനന്തപുരം : സംസ്ഥാനത്തെ റോഡ്-പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പശ്ചാത്തല വികസന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്. 18 റോഡുകള്‍ക്ക് 114 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് പാലം പ്രവൃത്തികള്‍ക്ക് 22.73 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച പദ്ധതികള്‍ പരിശോധിച്ച ശേഷമാണ് ഇത്രയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ഭരണാനുമതി നൽകിയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതികളുടെ സാങ്കേതിക അനുമതിയും ടെണ്ടര്‍ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.