റിയാദ്: ജിദ്ദ ചേരിവികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട 14,156 കുടുംബങ്ങള്‍ക്ക് 24.3 കോടിയിലേറെ റിയാല്‍ വീട്ടുവാടകയായി നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നഗരവികസന പദ്ധതിയുടെ ഭാഗമായി ചേരിയൊഴിപ്പിക്കല്‍ ആരംഭിച്ച ശേഷം ഇതുവരെ നല്‍കിയ തുകയുടെ കണക്കാണിതെന്ന് ചേരിവികസന സമിതി അറിയിച്ചു.
ചേരികളില്‍ പഴയകെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്ന സ്വദേശി കുടുംബങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും മറ്റ് സൗജന്യ സേവനങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. താല്‍ക്കാലികമായി പാര്‍പ്പിട സൗകര്യം ലഭ്യമാക്കല്‍, വാടക അടക്കല്‍ അടക്കമുള്ള സേവനങ്ങളാണ് നല്‍കുന്നത്. വാടക അടക്കല്‍ സേവനത്തിന്റെ പ്രയോജനം ഇതുവരെ 14,156 കുടുംബങ്ങള്‍ക്കാണ് ലഭിച്ചത്.
പദ്ധതി പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ, സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ 213 സൗദി യുവതീയുവാക്കള്‍ക്ക് ഈ വിഭാഗത്തില്‍ പെട്ടവരെ ലക്ഷ്യമിട്ടുള്ള ശാക്തീകരണ പദ്ധതി വഴി തൊഴിലവസരങ്ങള്‍ ലഭ്യമാക്കി. ഭക്ഷ്യകിറ്റ്, കുടിവെള്ളം, ഭക്ഷണം, മരുന്ന്, ബേബി ഫുഡ് എന്നിവയുടെ വിതരണവും വീട്ടുപകരണങ്ങള്‍ സൗജന്യമായി നീക്കം ചെയ്യലും ഉള്‍പ്പടെ 86,000 സേവനങ്ങള്‍ ഈ കുടുംബങ്ങള്‍ക്ക് നല്‍കി.