തിരുവനന്തപുരം: സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ചാൻസലർ ബില്ല് സഭയിൽ വന്നപ്പോൾ ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന്റെ ഭേദഗതി അംഗീകരിച്ചാണ് സബ്ജക്ട് കമ്മിറ്റി ബില്ല് സഭയിലേക്ക് വിട്ടത്. എന്നാൽ 14 സർവകലാശാലയ്ക്കും 14 ചാൻസലർമാർ വേണ്ടെന്നും ഒറ്റയാൾ മതിയെന്നും അത് സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജികളാകട്ടേയെന്നും പ്രതിപക്ഷം നിലപാടെടുത്തു.
നിയമനത്തിന് സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതിയാകാമെന്നും പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചു. നിലവിലെ ബില്ലിലെ നിയമ പ്രശ്‍നം ഇതുവഴി മറികടക്കാനാവും. പ്രൊ വൈസ് ചാൻസിലർ മുഖ്യമന്ത്രിയും മന്ത്രിമാരും ആയ സ്ഥിതിക്ക് പ്രോട്ടോകോൾ പ്രശ്നം പരിഹരിക്കപ്പടും. ബില്ലിലെ വ്യവസ്ഥയിൽ ചാൻസലർക്ക് കീഴിൽ ആണ് വകുപ്പ് മന്ത്രിമാരെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
നേരത്തെ വിസിയുടെ അഭാവത്തിൽ പകരക്കാരെ ചാൻസലറും പ്രോ ചാൻസലറും ആലോചിച്ച് തീരുമാനിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം. ഇത് അംഗീകരിച്ചാണ് കരട് ബില്ല് സഭയിൽ വന്നത്. ഈ സമയത്താണ് യുഡിഎഫിൽ ആലോചിച്ച ശേഷമെന്ന് വ്യക്തമാക്കി പുതിയ ബദൽ വിഡി സതീശൻ മുന്നോട്ട് വെച്ചത്.
സർക്കാരും ഗവർണ്ണരും ഒരുമിച്ച് തെറ്റ് ചെയ്യുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. സുപ്രീംകോടതിയിൽ തോറ്റത് ഗവർണ്ണരും സർക്കാരുമാണ്. എല്ലാ നിയമനങ്ങളും നിയമപരം എന്നായിരുന്നു ഗവർണ്ണർ ആദ്യം എടുത്ത നിലപാട്. ഗവർണ്ണർ രൂക്ഷമായ വിമർശനം ആണ് പ്രതിപക്ഷത്തിനെതിരെ എടുത്തത്. ഈ നിയമത്തെ അംഗീകരിക്കില്ല. ഗവർണറെ എതിർക്കാനെന്ന പേരിൽ മാർക്സിസ്റ്റ് വത്കരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. പിന്നീടാണ് ബദൽ മുന്നോട്ട് വെച്ചത്. സർക്കാർ ബദൽ നിർദ്ദേശം അംഗീകരിക്കണമെന്നും അല്ലെങ്കിൽ വിയോജനക്കുറിപ്പായി രേഖപ്പെടുത്തണമെന്നും വിഡി സതീശൻ പറഞ്ഞു.