മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ അടുത്തിടെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ ഉദ്ഖനനത്തിനിടെ കണ്ടെത്തിയത് 1400 വര്‍ഷം പഴക്കമുള്ള മൂന്ന് തന്ത്രയാന ബുദ്ധ വിഗ്രഹങ്ങള്‍. ഇവ ബുദ്ധന്‍റെയും അവലോകിതേശ്വരന്‍റെയും ബുദ്ധമത ദേവതയായ താരയുടെയും വിഗ്രഹങ്ങളാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പ്രതിമകൾ റിസർവിലെ ധമോഖർ ബഫർ ഏരിയയിൽ നിന്നാണ് കണ്ടെത്തിയത്. തദ്ദേശീയര്‍ ദേവതകളെ ‘ഖൈർ മായി’ എന്നാണ് ആരാധിച്ചിരുന്നത്. ഇവ മൂന്നും മഹായാനയുടെ ഉപവിഭാഗമായ ബുദ്ധമതത്തിലെ ‘തന്ത്രയാന’ വിഭാഗത്തിൽപ്പെടുന്നുവെന്ന് ജബൽപൂർ സർക്കിൾ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ശിവ കാന്ത് ബാജ്‌പേയ് പറഞ്ഞു,
“ഞങ്ങൾ ഇപ്പോഴും പ്രതിമകളെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്, പക്ഷേ വിഗ്രഹങ്ങൾക്ക് കുറഞ്ഞത് ആറാം നൂറ്റാണ്ടിന്‍റെയോ ഏഴാം നൂറ്റാണ്ടിന്‍റെയോ പഴക്കമുണ്ടെന്ന് ഞങ്ങൾ കരുതുന്നു.”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂൺ 30 -നാണ് ഖനന സർവേ അവസാനിച്ചത്. ഭോപ്പാലിൽ നിന്ന് ഏകദേശം 480 കിലോമീറ്റർ കിഴക്കാണ് ഖനന സ്ഥലം. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ഉദ്ഖനനത്തില്‍ ഒരു ‘ആധുനിക സമൂഹത്തിന്‍റെ’തിന് സമാനമായ അവശിഷ്ടങ്ങൾ, റോക്ക് ആർട്ട്, രണ്ട് പൂർണ്ണ സ്തൂപങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷവും, മഹാരാഷ്ട്രയിലെ ബേഡസെ ഗുഹകളിലെ ചൈത്യ തൂണുകൾക്ക് സമാനമായ 2-3 നൂറ്റാണ്ടിലെ ഒരു സ്തൂപവും അതേ കാലഘട്ടത്തിലെ ബുദ്ധ തൂണുകളുടെ ശകലങ്ങളും ഉൾപ്പെടെ നിരവധി ബുദ്ധ ഗുഹകളും ഘടനകളും കണ്ടെത്തിയിരുന്നു. ഗുഹകൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് 6-7 കിലോമീറ്റർ അകലെയാണ് ഇപ്പോള്‍ പ്രതിമകൾ കണ്ടെത്തിയതെന്ന് ബാജ്‌പേയ് പറഞ്ഞു. മുമ്പ് ഗുഹകൾ കണ്ടെത്തിയ പ്രദേശം ബാന്ധവ്ഗഡ് കോട്ടയ്ക്ക് സമീപമാണ്. സ്തൂപങ്ങളും പൂർണ്ണമായ സ്തൂപങ്ങളും ഗുഹകളുടെ പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ബുദ്ധമതം 3-ാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ ശക്തിപ്രാപിച്ചിരുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഈ സ്ഥലം അക്കാലത്ത് മാഗ് ഭരണാധികാരികളുടെ പ്രധാനപ്പെട്ട വ്യാപാര പാതയിലായിരുന്നു. അക്കാലത്ത് ഗുഹകള്‍ താത്കാലിക അഭയകേന്ദ്രങ്ങളായിരുന്നു. വ്യാപാരികള്‍ അവരുടെ സ്വന്തം സംസ്കാരത്തിന്‍റെയും മതത്തിന്‍റെയും ചില അടയാളങ്ങൾ ഉപേക്ഷിച്ചതിനാൽ ഇവിടെ നിന്നും അക്കാലത്തെ രണ്ട് പ്രധാനപ്പെട്ട മതങ്ങളുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു. ബാന്ധവ്ഗഡ് പ്രദേശത്തെ ഈ സംസ്കാരം ശക്തമായത് കുറഞ്ഞത് സിഇ രണ്ടാം നൂറ്റാണ്ടിലാണ് (എഡി 101 മുതല്‍ എഡി 200 വരെ). ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയ ലിഖിത രേഖകളിൽ നിന്ന്, ഇത് വളരെക്കാലം മാഘന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നുവെന്ന് വ്യക്തമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. മാഘന്മാർക്ക് ശേഷം, ഗുപ്ത, പ്രതിഹാര, കലചൂരി ഭരണാധികാരികൾ ഉൾപ്പെടെ നിരവധി രാജവംശങ്ങൾ ഈ പ്രദേശത്ത് ഭരണം സ്ഥാപിച്ചിരുന്നു.