ദുബൈ : അക്കൗണ്ടിൽ നിന്ന് ഒന്നര ദശലക്ഷം ദിർഹം നഷ്ടപ്പെട്ട കേസിൽ ബാങ്കിനും ടെലികോം കമ്പനിക്കുമെതിരെ ദുബൈ കോടതിയുടെ വിധി.ഉപഭോക്താവിന് ബാങ്കും ടെലികോം കമ്പനിയും ചേർന്ന് നഷ്ടപ്പെട്ട തുക തിരികെ നൽകാനാണ് വിധി. വേണ്ടത്ര സുരക്ഷാപരിശോധനയില്ലാതെ ഉപഭോക്താവിന്റെ സിംകാർഡ് തട്ടിപ്പുകാർക്ക് മാറ്റിയെടുക്കാൻ അവസരമൊരുക്കിയതാണ് തട്ടിപ്പിന് സൗകര്യമായതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ടെലികോം കമ്പനിക്ക് വീഴ്ച സംഭവിച്ചതായി കോടതി വിധിന്യായത്തിൽ പറയുന്നു.
കമ്പനി നൽകിയ സിംകാർഡ് വഴി ലഭിച്ച ഒ.ടി.പി ഉപയോഗിച്ചാണ് തട്ടിപ്പുകാർ ബാങ്കിൽനിന്ന് ഉപഭോക്താവിന്റെ എ.ടി.എം കാർഡ് ഡ്യൂപ്ലിക്കേറ്റ് സ്വന്തമാക്കിയത്. ഇതിനായി തട്ടിപ്പ് നടത്തിയയാൾ കോൾസെന്റർ വഴിയാണ് ബാങ്കിനെ സമീപിച്ചത്.എന്നാൽ, മുഴുവൻ സുരക്ഷാചോദ്യങ്ങൾക്കും മറുപടി പറയാതെയാണ് ബാങ്ക് അധികൃതർ എ.ടി.എം കാർഡ് നൽകിയതെന്നും കോടതി കണ്ടെത്തി. അക്കൗണ്ടിൽ പണമില്ലാത്തതിനാൽ നൽകിയ ചെക്ക് മടങ്ങിയപ്പോഴാണ് പരാതിക്കാരൻപോലും തന്റെ അക്കൗണ്ടിൽനിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറിയ വിവരം അറിയുന്നത്.ഇതേ തുടർന്നാണ് ബാങ്കിനെയും ടെലികോം കമ്പനിയെയും കോടതി കയറ്റിയത്. ബാങ്കിന്റെയും ടെലികോം കമ്പനിയുടെയും പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.