വിദേശങ്ങളിൽ തോക്ക് ഉപയോഗിച്ച് കൊണ്ടുള്ള കൊലപാതകങ്ങളും ആത്മഹത്യയും വർധിച്ച് വരികയാണ്. എത്രയോ കുട്ടികൾ അശ്രദ്ധമായും അല്ലാതെയും ഉള്ള തോക്കുപയോഗം കൊണ്ട് മരണപ്പെട്ട് കഴിഞ്ഞു. ഇപ്പോൾ അലാസ്കയിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. 15 വയസുള്ള ഒരു കുട്ടി തന്റെ മൂന്ന് സഹോദരങ്ങളെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. കുട്ടിയുടെ വീട്ടിൽ തന്നെയാണ് ഈ ദാരുണമായ സംഭവം നടന്നത്. അഞ്ച്, എട്ട്, 17 വയസ്സുള്ള മൂന്ന് സഹോദരങ്ങൾ വെടിയേറ്റ് കൊല്ലപ്പെട്ടു. ഏഴ് വയസ്സിന് താഴെയുള്ള മറ്റ് മൂന്ന് സഹോദരങ്ങൾക്ക് പരിക്കില്ല.
ചൊവ്വാഴ്ച വൈകുന്നേരം 4.15 -നാണത്രെ വെടിവെപ്പ് ഉണ്ടായത്. ഒരു അയൽവാസിയാണ് അധികൃതരെ വിവരമറിയിച്ചത്. ആ സമയത്ത് കുട്ടിയുടെ മാതാപിതാക്കളും മറ്റൊരു സഹോദരനും വീട്ടിൽ ഇല്ലായിരുന്നു. കുടുംബത്തിന്റെ കൈവശം ഉള്ള തോക്ക് ഉപയോഗിച്ചാണ് 15 -കാരൻ ആദ്യം സഹോദരങ്ങളെയും പിന്നെ തന്നെത്തന്നെയും ഇല്ലാതാക്കിയത് എന്നാണ് കരുതുന്നത്.
എന്നാലും എന്തായിരിക്കും ഈ കൊലപാതകങ്ങളുടെയും ആത്മഹത്യയുടേയും കാരണമായിത്തീർന്നത് എന്നതിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്ന് അധികൃതർ പറയുന്നു. കുടുംബത്തിന്റെ കൈവശമുള്ളതാണ് തോക്ക് എന്നാണ് പറയുന്നത്. എന്നാൽ, അതിലും കൂടുതൽ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുട്ടികളുടെ മൃതദേഹം പരിശോധനയ്ക്ക് അയച്ച് കഴിഞ്ഞു. ഇത്രയും സങ്കീർണമായ കേസായതുകൊണ്ടും കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് കൊണ്ടും കേസിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറത്ത് പറയാനാവില്ല എന്നാണ് അന്വേഷണ ഉദ്യോസ്ഥർ പറയുന്നത്.
നേരത്തെ ടെക്സസിൽ സ്കൂളിൽ നടന്ന വെടിവെപ്പിൽ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. അന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ തോക്കെടുത്തത് 18 -കാരനാണ്.