കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസിലെ വാഹനാപകടങ്ങളിൽ ഇതിനോടകം പൊലിഞ്ഞത് നൂറ്റമ്പതിലേറെ ജീവൻ. 1200 ഓളം പേർക്കാണ് വലുതും ചെറുതുമായ പരിക്കേറ്റത്. എട്ടു വർഷത്തിനിടെയാണ് ഇത്രയും അപകടം. അമിത വേഗതയാണ് മിക്ക അപകടങ്ങളുടെയും കാരണം. അവസാനമായി ചൊവ്വാഴ്ച പുറക്കാട്ടിരിയിലുണ്ടായ അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്.
വാഹനങ്ങൾ അതിശക്തമായാണ് കൂട്ടിയിടിക്കുന്നത് എന്നതിനാൽ പരിക്കേൽക്കുന്നവരിൽ ജീവച്ഛവമായി കഴിയുന്നവരും നിരവധിയാണ്. അമിത വേഗത നിയന്ത്രിക്കാൻ പോലീസും വാഹനവകുപ്പുമെല്ലാം നിരവധി നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും വേണ്ടത്ര ഫലപ്രദമായിട്ടില്ല. 2014ൽ 20, 2015 -19, 2016 -17, 2017 -25, 2018 -23, 2019 -19, 2020 -13, 2021 -20 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്.
ജില്ലയിലെ മറ്റുപല റോഡുകളെയും അപേക്ഷിച്ച് ബൈപാസിന് വീതി വളരെ കൂടുതലാണ്. അതിനാൽതന്നെ ബൈപാസിലെത്തുന്നതോടെ വാഹനങ്ങൾ വേഗം കൂട്ടുകയാണ് ചെയ്യുന്നത്. ലോറികളടക്കമുള്ള വലിയ വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിലേറെയും. കാൽനടക്ക് വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ കാൽനടക്കാർ അപകടത്തിൽപെടുന്ന സംഭവവും ഏറെയാണ്. റോഡിലേക്ക് പുല്ല് വളർന്നതോടെ ആളുകൾ റോഡിലേക്ക് ഇറങ്ങിനടക്കുന്നതാണ് വാഹനം ഇടിക്കുന്നതിന് കാരണമായത്.
ബൈപാസിൽ ഒട്ടുമിക്ക ഭാഗത്തും ലൈറ്റുകളില്ലാത്തതും രാത്രി അപകടങ്ങൾക്കിടയാകുന്നുണ്ട്. 28 കിലോമീറ്റർ ദൂരമുള്ള പാതയിൽ അമ്പലപ്പടി, ചാലിക്കര, മൊകവൂർ, കൂടത്തുംപാറ, പന്തീരാങ്കാവ്, മണക്കടവ്, അഴിഞ്ഞിലും രാമനാട്ടുകര എന്നീ ഭാഗങ്ങളിലുമാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത്. ആദ്യഘട്ടത്തിൽ കൂടുതൽ ജീവൻ പൊലിഞ്ഞത് തൊണ്ടയാട് ജങ്ഷനിലായിരുന്നു. ബസുകളടക്കം കൂട്ടിയിടിച്ച് നാലുപേർവരെ ഒരുമിച്ച് മരിച്ച വൻ അപകടംവരെ ഇവിടെയുണ്ടായി.
മേൽപാലം വന്നതോടെയാണ് ഈ ഭാഗത്തെ അപകടങ്ങളുടെ എണ്ണം കുറഞ്ഞത്. അപകടങ്ങൾ കൂടുതലുണ്ടാവുന്ന സ്ഥലങ്ങൾ കണ്ടെത്തി ബ്ലാക് സ്പോട്ടായി രേഖപ്പെടുത്തിയ നഗരത്തിലെ പ്രദേശങ്ങളേറെയും ബൈപാസിലാണ്. റോഡിന്റെ വീതിയും മറ്റും പരിഗണിക്കുമ്പോൾ പ്രതിദിനം 10,000 വാഹനങ്ങൾക്ക് പോകാമെന്നാണ് കണക്കെങ്കിലും ഇതിന്റെ നാലിരട്ടിയിൽപരം വാഹനങ്ങൾ കടന്നുപോവുന്നതായാണ് കണക്ക്.