ദില്ലി : പാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി കരടു നിർദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു. ചുമ, ജലദോഷം, ചർമ്മത്തിലെ തിണർപ്പ് എന്നിവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ, നാസൽ ഡീകോംഗെസ്റ്റന്റുകൾ, ആൻറി ഫംഗൽസ് തുടങ്ങിയ മരുന്നുകൾ ഓവർ-ദി-കൗണ്ടർ വിഭാഗത്തിന് കീഴിൽ പട്ടികപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതിനാൽ കുറിപ്പടി ഇല്ലാതെ തന്നെ ഉടൻ ലഭ്യമായേക്കാം.
16 മരുന്നുകളിൽ ആന്റിസെപ്റ്റിക്, അണുനാശിനി ഏജന്റായ പോവിഡോൺ അയോഡിൻ ഉൾപ്പെടുന്നു. മോണരോഗത്തിനുള്ള ക്ലോറോഹെക്‌സിഡിൻ മൗത്ത് വാഷ്, ക്ലോട്രിമസോൾ ഒരു ആന്റിഫംഗൽ ക്രീം, ചുമയ്ക്കുള്ള ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് ഗുളികകൾ, വേദനസംഹാരിയായ തൈലം ഡിക്ലോഫെനാക്, മുഖക്കുരുവിന് ഒരു ആന്റി ബാക്ടീരിയൽ ആയ ബെൻസോയിൽ പെറോക്സൈഡ്, ആൻറിഅലർജിക് മരുന്നുകൾ എന്നിവയുൾപ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക.
1945ലെ ഡ്രഗ്‌സ് റെഗുലേഷൻ ആക്ടിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. തുടർന്നും രോഗം ഭേദമായില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്നും കരടുനിർദേശത്തിൽ പറയുന്നു.












