ആലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്നാട് സ്വദേശിയായ യുവാവിന് വിവാഹം കഴിച്ചുകൊടുത്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും വരന്റെ അമ്മയെയും പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമാസം മുന്‍പാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയും തമിഴ്നാട് സ്വദേശിയുമായുള്ള വിവാഹം നടന്നത്. ഇതിനു പിന്നാലെ യുവാവും പെണ്‍കുട്ടിയും തമിഴ് നാട്ടിലേക്ക് പോയി. സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പൂച്ചാക്കല്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാണാവള്ളിയില്‍ നിന്നു പെണ്‍കുട്ടിയുടെ പിതാവിനെയും തമിഴ്നാട്ടില്‍ നിന്നു വരന്റെ മാതാവിനെയും അറസ്റ്റ് ചെയ്തത്. യുവാവിനെയും പെണ്‍കുട്ടിയെയും അന്വേഷിച്ച് പൊലീസ് തമിഴ്നാട്ടിലെത്തിയെങ്കിലും ഇവര്‍ സ്ഥലത്തില്ലായിരുന്നു. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. പൂച്ചാക്കല്‍ സിഐ എം.അജയമോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം.