പാരിസ്: ഫ്രാൻസിൽ അധ്യാപികയെ സ്കൂളിനകത്ത് വച്ച് വിദ്യാർഥി കുത്തിക്കൊന്നു. സാഷോ ഡെലൂസ് പട്ടണത്തിലെ സ്‌കൂളിലാണ് 16 കാരനായ ഹൈസ്‌കൂൾ വിദ്യാർത്ഥി സ്പാനിഷ് അധ്യാപികയെ കുത്തിക്കൊന്നത്. കൊലപാതകത്തിന് പിന്നാലെ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയ്ക്കെതിരെ ആക്രമണം നടത്താനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. സംഭവത്തിന് ഭീകര ബന്ധമുണ്ടോ എന്നതടക്കമുള്ള സംശയങ്ങൾ ആദ്യം ഉണ്ടായിരുന്നെങ്കിലും അത് മാറിയെന്നാണ് വ്യക്തമാകുന്നത്. കുട്ടിയുടെ മനോനില തകരാറിലായിരുന്നു എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം പ്രാദേശിക മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ്.
തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൈറനീസ് – അറ്റ്ലാന്റിക് മേഖലയിലെ സെന്റ് – തോമസ് ഡി അക്വിൻ സെക്കൻഡറി സ്കൂളിലാണ് നടക്കുന്ന സംഭവം ഉണ്ടായത്. വിദ്യാർഥിയുടെ ആക്രമണത്തിൽ 50 കാരിയായ അധ്യാപികക്കാണ് ജീവൻ നഷ്ടമായത്. അധ്യാപികയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഫ്രഞ്ച് സർക്കാർ വക്താവ് ഒലിവെർ വെരാൻ അടക്കമുള്ളവർ രംഗത്തെത്തി. അധ്യാപികയുടെ നെഞ്ചിലാണ് വിദ്യാർഥിയുടെ കുത്തേറ്റത്. അധ്യാപികയെ കുത്തിയ ശേഷം ഈ കുട്ടി മാനസിക വിഭ്രാന്തി കാട്ടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അധ്യാപകയെ കുത്തിവീഴ്ത്തിയ ശേഷം സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഈ കുട്ടി മുറിയിലേക്ക് ഓടിപ്പോകുകയായിരുന്നു.
മുറിയിലെത്തിയ ശേഷം ഈ കുട്ടി ശാന്തനായെന്നും അധികൃതർ പറയുന്നു. മറ്റൊരു അധ്യാപികയുടെ മുന്നിൽ ശാന്തനായ കുട്ടി ഇവർക്ക് കത്തി കൈമാറിയെന്നും പൊലീസ് വരുന്നതുവരെ മറ്റ് പ്രശ്നങ്ങളുണ്ടാക്കിയില്ലെന്നും അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂളിലെത്തിയ പൊലീസ് കുട്ടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.