മുംബൈ: മഹാരാഷ്ട്രയിൽ 16 വർഷങ്ങൾക്ക് മുമ്പ് പാമ്പ് കടിയേറ്റ് ചികിത്സകിട്ടാതെ മരിച്ച കുട്ടിയുടെ പിതാവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി ദേശീയ ഉപഭോക്തൃ കോടതി. ചികിത്സ നിഷേധത്തെ തുടർന്ന് 12 കാരൻ മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് നഷ്ട പരിഹാര പ്രഖ്യാപനം. ചികിത്സ നിഷേധിച്ച ആശുപത്രി 8 ലക്ഷം രൂപയും ബന്ധപ്പെട്ട മെഡിക്കൽ ഉദ്യോഗസ്ഥൻ 2 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2007 ലാണ് പാമ്പ് കടിയേറ്റ മകൻ ദേവാനന്ദനെ പരശുറാം ലാൻഡെ മാഹാത്മാ ഗാന്ധി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കുകയും സൗജന്യമായി ചികിത്സിക്കാൻ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകാൻ ഡോ.ഷീനു ഗുപ്ത പറഞ്ഞതായും പരാതിയിൽ പറയുന്നു. ഡോക്ടർ വിലകൂടിയ ഇൻജക്ഷൻ വാങ്ങി വരാൻ നിർദേശിക്കുകയും പണമടക്കുന്നത് വരെ ചികിത്സ വൈകിപ്പിക്കുകയും ചെയ്തതാണ് മരണകാരണമെന്നാണ് പരാതി.
കേസ് ഫയൽ ചെയ്യുന്നതിൽ മൂന്ന് വർഷം കാലതാമസം എടുത്തത് ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് ചിത്രീകരിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും ഏപ്രിൽ 24 ന് ദേശീയ ഉപഭോകതൃ തർക്ക പരിഹാര കമ്മീഷൻ ലാൻഡെക്ക് ആശ്വാസം നൽകുകയായിരുന്നു. സംഭവം ലോക്കൽ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിൽ ആശുപത്രിക്ക് വീഴ്ച പറ്റിയതായും മാതാപിതാക്കളോ അടുത്ത ബന്ധുക്കളിൽ നിന്നോ അല്ലാതെ മറ്റൊരു വ്യക്തിയിൽ നിന്ന് ചികിത്സാ സമ്മത പത്രം ഒപ്പിട്ട് വാങ്ങിയതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെടുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നതും ആശുത്രിക്കെതിരെയുള്ള കേസിന് പിൻബലം കൂട്ടി.