വർക്കല: ശ്രീനാരായണഗുരുവിന്റെ 169ാമത് ജയന്തി 31ന് ശിവഗിരിയിൽ വിപുലമായി ആഘോഷിക്കും. രാവിലെ ശാരദാമഠത്തിലും പർണശാലയിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്കുശേഷം 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണവും 6.15ന് വൈദികമഠത്തിൽ ജപയജ്ഞത്തിന്റെ ദീപപ്രകാശനവും നടക്കും.9.30ന് നടക്കുന്ന ജയന്തി സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിക്കും. സമ്മേളനത്തിൽ പ്രഫ.എം.കെ. സാനുവിനെ ശ്രീനാരായണ സാഹിത്യകുലപതി ബഹുമതി നൽകി ശിവഗിരിമഠം ആദരിക്കും.
അടൂർപ്രകാശ് എം.പി, അഡ്വ.വി. ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ലാജി, വർക്കല കഹാർ, കൗൺസിലർ രാഖി, ഗുരുധർമ പ്രചാരണസഭ രജിസ്ട്രാർ അഡ്വ.പി.എം. മധു, കെ. സൂര്യപ്രകാശ്, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂനിയൻ സെക്രട്ടറി അജി.എസ്.ആർ.എം തുടങ്ങിയവർ സംസാരിക്കും. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീർഥ നന്ദിയും പറയും.
സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീശാരദാമഠം ചരിത്രം കെ.ജി. ബാബുരാജന് നൽകി ഗോകുലം ഗോപാലൻ പ്രകാശനം ചെയ്യും. ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ മഹാസമാധിദിനം വരെ നടക്കുന്ന ജപയജ്ഞം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് ശിവഗിരിയിൽനിന്ന് പുറപ്പെട്ട് ഘോഷയാത്ര റെയിൽവേ സ്റ്റേഷൻ, മൈതാനം, ആയുർവേദ ആശുപത്രി ജങ്ഷൻ, പുത്തൻചന്ത, കെടാവിത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, ശിവഗിരി എസ്.എൻ കോളജ്, ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ, നഴ്സിങ് കോളജ് വഴി രാത്രി ഒമ്പതിന് സമാധിയിലെത്തിച്ചേരും.
ജയന്തി ഘോഷയാത്രക്ക് അകമ്പടിയായുള്ള വിളംബരഘോഷയാത്ര വൈകീട്ട് മൂന്നിന് ശിവഗിരിയിൽനിന്ന് തിരിച്ച് രാത്രി 7.30ന് എസ്.എൻ കോളേജ് ജങ്ഷനിൽ സമാപിക്കും. ജയന്തി ദിനത്തിൽ ശിവഗിരിയിൽ പതാക ഉയർത്താനുള്ള കൊടിക്കയർ ഘോഷയാത്ര 27ന് രാവിലെ എട്ടിന് കായിക്കര ഏറത്ത് ക്ഷേത്രത്തിൽനിന്ന് യാത്ര തിരിച്ച് ആശാൻ സ്മാരകം, കോവിൽതോട്ടം, പ്ലാവഴികം, മേൽവെട്ടൂർ, കെടാവിത്തുവിള, പുത്തൻചന്ത, ആയുർവേദ ആശുപത്രി ജങ്ഷൻ വഴി ഉച്ചക്ക് 11ന് ശിവഗിരിമഠത്തിൽ എത്തിച്ചേരും. ജയന്തിയോടനുബന്ധിച്ച് ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ലഹരിക്കെതിരെയുള്ള ബോധവത്കരണ ഘോഷയാത്രയും ഉണ്ടായിരിക്കും.