ബെംഗളൂരു: പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) ബാധിച്ച കുഞ്ഞിന്റെ ചികിത്സക്ക് സോൾജെൻസ്മ എന്ന പേരിലുള്ള കുത്തിവയ്പ്പിന്റെ ഇറക്കുമതി നികുതി ഒഴിവാക്കണമെന്നും ചികിത്സക്ക് സാമ്പത്തിക സഹായം നൽകണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. കുട്ടിയുടെ ചികിത്സക്കാവശ്യമായ 17.5 കോടി രൂപയുടെ ഒറ്റ ഡോസ് ഇഞ്ചക്ഷൻ വാങ്ങുന്നതിൽ കുടുംബം നേരിടുന്ന സാമ്പത്തിക വെല്ലുവിളി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മോദിക്ക് കത്തയച്ചു.
മൗര്യ എന്ന 15 മാസം പ്രായമുള്ള ആൺകുട്ടി ഗുരുതരമായ രോഗാവസ്ഥയുമായി മല്ലിടുകയാണ്. എസ്എംഎ രോഗം ബാധിച്ച കുട്ടിക്ക് സോൾജെൻസ്മ എന്ന കുത്തിവെപ്പ് മാത്രമാണ് ചികിത്സ. സഹായം തേടി പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ ഒറ്റ ഡോസ് മരുന്നിന്റെ ചെലവ് ഏകദേശം 17.5 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സ കുടുംബത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. മരുന്നിന്റെ വില തന്നെ അമിതമാണ്. അതോടൊപ്പം ഇറക്കുമതി നികുതി വർധിപ്പിച്ചത് കൂടുതൽ ബാധ്യതയായി. ജീവൻ രക്ഷാ മരുന്ന് കുട്ടിയുടെ കുടുംബത്തിന് താങ്ങാകുന്നതിലും അപ്പുറമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്‌ടോബർ 27നാണ് മുഖ്യമന്ത്രി കത്തെഴുതിയത്.
കുട്ടിക്ക് മരുന്ന് എത്തിക്കാൻ പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. അനുകമ്പയുള്ള നടപടികൾ കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്നും കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പോരാടാനുള്ള നമ്മുടെ രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രിയുടെ ദയാപൂർവമായ ഇടപെടൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.