പാലക്കാട്: തേൻകുറുശ്ശി ബീവറേജ് ഷോപ്പ് അപകടാവസ്ഥയിൽ. മരപട്ടികയും പലകയും കൊണ്ടുള്ള സീലിങ് പല ഭാഗത്തും അടർന്നു വീഴുന്നതായി പരാതി. ഏതു നിമിഷവും തലക്ക് മീതെ വീഴാറായി നിൽക്കുന്ന മരപ്പലകൾക്ക് താഴെ ജീവനും കയ്യിൽ പിടിച്ചാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാർ പറയുന്നു.
50 വർഷം പഴക്കമുള്ള വാടക കെട്ടിടത്തിലാണ് തേങ്കുറിശ്ശിയിലെ ഈ ബീവറേജ് പ്രവർത്തിക്കുന്നത്. മരപലക കൊണ്ടാണ് സീലിംഗ്. എപ്പോൾ വേണമെങ്കിലും പലകയിളകി തലയിൽ വീഴാം. കനത്ത മഴയിൽ അടർന്നു വീഴാറായ പലകകൾക്കിടയിലൂടെ വെള്ളം ചുമരുകളിലൂടെ ഒലിച്ചിറങ്ങും. ഇതു മൂലം ചുമരിടിഞ്ഞ് വൻ ദുരന്തം തന്നെ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. അധികൃതരുടെ ശ്രദ്ധയിൽ പലതവണ ഇക്കാര്യം കൊണ്ടു വന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ പറയുന്നു. ദിനംപ്രതി 17 ലക്ഷം രൂപയുടെ വിറ്റുവരവുള്ള ബീവ് റേജിനാണ് ഈ ദുർഗതി.