യാത്രകള്‍ പോവുകയെന്നാല്‍ എല്ലാവര്‍ക്കും തന്നെ ഏറെ പ്രിയമുള്ള കാര്യമാണ്. എന്നാല്‍, ആഗ്രഹിച്ച് ഒരുപാട് നാളെടുത്ത് യാത്രാ പദ്ധതികളുണ്ടാക്കി, ഒടുവില്‍ കൃത്യസമയത്ത് യാത്ര മുടങ്ങിയാല്‍ അതുണ്ടാക്കുന്ന വിഷമവും ചില്ലറയല്ല. ക്രിസ്റ്റഫര്‍ ചാപ്പല്‍ അത്തരമൊരു അനുഭവത്തിലൂടെയാണ് കടന്ന് പോകുന്നത്. അദ്ദേഹം ഒരു തന്‍റെ സ്വപ്ന യാത്രയ്ക്കായി 17,500 പൗണ്ട് (17 ലക്ഷം രൂപ) നല്‍കി ഒരു ക്രൂയിസ് കപ്പലില്‍ ടിക്കറ്റെടുത്തു. യാത്രയ്ക്കിടെ കപ്പല്‍ ഫിലീപ്പീയന്‍സില്‍ എത്തിയപ്പോള്‍ ക്രിസ്റ്റഫറിന് നല്ല സുഖം തോന്നിയില്ല. അദ്ദേഹം ആശുപത്രിയില്‍ പരിശോധന നടത്തി തിരിച്ച് എത്തിയപ്പോഴേക്കും ക്രിസ്റ്റഫറിനെ കൂട്ടാതെ കപ്പല്‍ തുറമുഖം വിട്ടിരുന്നു.
ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ക്രിസ്റ്റഫര്‍ ആദ്യം സന്ദര്‍ശിച്ചത് കപ്പലിലെ ഡോക്ടറെയാണ്. അദ്ദേഹം കൂടുതല്‍ പരിശോധനകള്‍ നടത്താനായി ക്രിസ്റ്റഫറിനോട് ആവശ്യപ്പെട്ടു. തനിക്ക് ഹീറ്റ് സ്ട്രോക്കിന്‍റെ പ്രശ്നമല്ലാതെ മറ്റ് പ്രശ്നങ്ങളില്ലെന്ന് ക്രിസ്റ്റഫര്‍ ഡോക്ടറോട് പറഞ്ഞെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ലെന്ന് പിന്നീട് ക്രിസ്റ്റഫര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്യമെന്തായാലും ക്രിസ്റ്റഫര്‍ തുറമുഖത്ത് തന്നെയുള്ള ഒരു ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്നു. അദ്ദേഹത്തിന് കാര്യമായ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പരിശോധനയ്ക്ക് ദിവസങ്ങളെടുത്തു. ‘അവർ എനിക്ക് ഡയസെപാം നൽകി. അതെന്‍റെ ഞരമ്പുകളെ ശാന്തമാക്കി, എനിക്ക് മറ്റൊരു കുഴപ്പമില്ല,” യുകെയില്‍ തിരിച്ചെത്തിയ ശേഷം ചാപ്പൽ പറഞ്ഞു. ‘കാര്യങ്ങള്‍ ഒരു തമാശ പോലെ തോന്നുന്നു. കപ്പലില്‍ നിന്ന് എന്നെ പറഞ്ഞയച്ച ഡോക്ടര്‍ എന്നെ പരിശോധിച്ചിട്ട് പോലുമില്ല. അദ്ദേഹത്തിന് ഞാന്‍ കൂടുതല്‍ സമയം ആശുപത്രിയില്‍ കിടക്കണമെന്ന് ആവശ്യമുള്ളത് പോലെ തോന്നി. ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ എന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കേണ്ടതല്ലേ.? അത് ചെയ്തിട്ടില്ല. ആശുപത്രിയില്‍ നിന്ന് ഞാന്‍ ക്രൂസിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോഴൊക്കെ നേഴ്സുമാര്‍ കൂടുതല്‍ പരിശോധന നടത്താനുണ്ടെന്ന് പറഞ്ഞ് എന്നെ ആശുപത്രിയില്‍ തന്നെ കിടത്തി. എന്നാല്‍, അത്തരം പരിശോധനകളൊന്നും നടത്തിയുമില്ല. ഒടുവില്‍ ഞാന്‍ ക്രൂയിസ് ഓർഗനൈസർമാരായ പി & ഒ, ട്രാവൽ ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ടു. പക്ഷേ, അതിനകം കപ്പല്‍ യാത്ര തിരിച്ച് ദിവസങ്ങളായതിനാല്‍ കപ്പലില്‍ തിരികെ കയറാന്‍ പറ്റിയില്ല. ഒരു രോഗവുമില്ലാതെ അവര്‍ എന്നെ ആശുപത്രിയിലാക്കി. അത് വഴി കപ്പലില്‍ നിന്നും ഒഴിവാക്കി.” ക്രിസ്റ്റഫര്‍ കൂട്ടിച്ചേര്‍ത്തു.