ഗൊരഖ്പൂർ: ഒരു മണിക്കൂറിനുള്ളിൽ ഒരു പേപ്പട്ടി കടിച്ചത് 17 പേരെ. ഉത്തരാഖണ്ഡിലെ ഗൊരഖ്പൂരിലാണ് സ്ത്രീകളും കുട്ടികളുമടക്കം 17 പേർക്ക് പട്ടിയുടെ കടിയേറ്റത്. മേഖലയിലെ വിവിധ സിസിടിവികൾ പരിശോധിച്ചാണ്, കടിച്ചത് ഒരേ പട്ടിയാണെന്ന് കണ്ടെത്തിയത്. ഗൊരഖ്പുരിലെ ഷാഹ്പുർ സ്വദേശിയാണ് 22 കാരനായ ആഷിശ് യാദവ്. ബിബിഎ വിദ്യാർത്ഥിയാണ്. രാത്രി ഭക്ഷണത്തിന് ശേഷം പതിവ് പോലെ പുറത്തിറങ്ങി. വീടിന് മുന്നിൽ ഒരു ചെറു നടത്തം. അതിനിടെ എങ്ങു നിന്നോ വന്ന പട്ടിയുടെ പെട്ടെന്നുള്ള ആക്രമണം. ആശിഷിന്റെ മുഖത്താണ് പട്ടിയുടെ കടിയേറ്റത്. ചുണ്ടിനും കണ്ണിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ആശിഷുമായി ഗൊരഖ്പൂർ ജില്ലാ ആശുപത്രിയിലെത്തിയ പിതാവിനോട് പേവിഷ വാക്സിൻ സ്റ്റോക്കില്ലെന്ന് അധികൃതർ പറഞ്ഞതായി പരാതിയുണ്ട്.
ശേഷം ഇതേ പട്ടി തൊട്ടടുത്ത വീട്ടിലെ ഒരു സ്ത്രീയെ അക്രമിച്ചു. അവരുടെ കാലിൽ ആഴത്തിൽ മുറിവേറ്റു. അടുത്തതായി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെ കടിച്ചു. ആകെ 17 പേരെയാണ് ഒരു മണിക്കൂറിനുള്ളിൽ പേപ്പട്ടി കടിച്ചത്.
പ്രദേശത്തെ തെരുവു നായ ശല്യത്തെക്കുറിച്ച് കാലങ്ങളായി പരാതിപ്പെടുന്നുണ്ടെന്നും മുൻസിപൽ കോർപറേഷൻ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. അതേസമയം ഇത്തരമൊരു സംഭവം അറിഞ്ഞിട്ടില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം.