മുംബൈ: നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പതിനേഴുകാരി പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെയായിരുന്നു നാലു മാസം പ്രായമുള്ള ആൺകുട്ടിയെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നും ഭിവണ്ടിയിലേക്കുള്ള യാത്രയിലാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്നെ മൻപഡ സ്വദേശിയായ വ്യക്തി അനധികൃതമായി ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയതാണെന്നും ജോലി വാഗ്ദനം ചെയ്ത് കൊണ്ടുവന്ന ശേഷം വേശ്യാവൃത്തിക്ക് അയക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശം വ്യക്തമല്ല.