കൊച്ചി: പള്ളുരുത്തിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊച്ചി സ്വദേശികളായ ഷജീർ , ഷെമീർ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് നിറച്ച കാർ രഹസ്യമായി നിർത്തിയിടാൻ സൗകര്യമൊരുക്കിയതിനാണ് അറസ്റ്റ്. ഏപ്രിൽ ഏഴിനാണ് പള്ളുരുത്തിയിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് ചാക്കുകളിൽ കഞ്ചാവ് കണ്ടെത്തിയത്. വാടകയ്ക്ക് നൽകിയ കാർ കാണാതിരുന്നതിനെ തുടർന്ന് ഉടമ നടത്തിയ അന്വേഷണത്തിലാണ് വഴിയരികിൽ കാറും കഞ്ചാവും കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അറസ്റ്റ്. ഈ മാസം അഞ്ചിന് അമ്പലമേടുനിന്ന് 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിൽ റിമാൻഡിലുള്ള അക്ഷയ് രാജിന്റെ സംഘമാണ് കാർ പള്ളുരുത്തിയിൽ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. അക്ഷയ് രാജ് പിടിയിലായതോടെ കാർ സംഘം ഉപേക്ഷിക്കുകയായിരുന്നു.
ഷജീറിനെയും ഷെമീറിനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്ഷയ് രാജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂവെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.