റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരവും കരിമരുന്ന് ഉല്‍പ്പന്നങ്ങളും പിടികൂടി. പതിനെട്ടര ടണ്‍ പടക്കങ്ങളാണ് പിടികൂടിയത്. റാസല്‍ഖൈമയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഇവ സൂക്ഷിച്ചിരുന്നത്. അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച പടക്കവും കരിമരുന്ന് ഉല്‍പ്പന്നങ്ങളും വീടിന് പിന്നിലുള്ള തോട്ടത്തില്‍ നിന്നാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. . 1038 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 18.5 ടൺ പടക്കശേഖരം പൊലീസ് പിടിച്ചെടുത്തു. ഒട്ടും സുരക്ഷിതമല്ലാതെയാണ് ഈ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
ലൈസൻസില്ലാതെ പടക്കങ്ങൾ വിൽക്കുന്നത് ലക്ഷം ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലൈസൻസില്ലാതെ പടക്കങ്ങളുടെ വിൽപന, ഇറക്കുമതി, കയറ്റുമതി, രാജ്യത്തിനകത്തും പുറത്തും നിന്ന് പടക്കങ്ങൾ കൊണ്ടുവരുക എന്നിവ ശിക്ഷാർഹമായ കുറ്റമാണ്.