ദില്ലി: ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ജർമ്മനി, കെനിയ, ശ്രീലങ്ക, സിംഗപ്പൂർ, യുകെ തുടങ്ങി 18 രാജ്യങ്ങൾക്ക് രൂപയിൽ ഇടപാട് നടത്താൻ സെൻട്രൽ ബാങ്കായ ആർബിഐ അനുമതി നൽകിയിട്ടുണ്ട്. ഈ പണം ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാനും ഇന്ത്യയിൽ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാനും ഈ രാജ്യങ്ങൾ ഉപയോഗിക്കും. ഇത് വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ചെലവ് കുറയ്ക്കുകയും വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യും.
ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കുകയും ചെയ്യും. ചരക്ക് വ്യാപാര കമ്മി 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ 233 ബില്യൺ ഡോളറായിരുന്നു. കൂടുതൽ രാജ്യങ്ങൾ രൂപയിൽ വ്യാപാരം ചെയ്യാൻ തയ്യാറായതിനാൽ ഇന്ത്യക്ക് കൂടുതൽ കയറ്റുമതി ചെയ്യാൻ കഴിയും. ഇത് നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കും.