തിരുവനന്തപുരം: വയനാട്ടില്‍ റോഡ് സുരക്ഷ പദ്ധതികള്‍ക്ക് 18 കോടിയുടെ അംഗീകാരം ലഭിച്ച വിവരം പങ്കുവച്ച് മോട്ടോര്‍ വാഹന വകുപ്പ്. മാനന്തവാടി താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പ് 2022 -23 വര്‍ഷങ്ങളില്‍ നടന്ന റോഡ് അപകടങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിഹാരമാര്‍ഗങ്ങളും, കരുതല്‍ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി താലൂക്കിലെ എല്ലാ പിഡബ്ല്യുഡി റോഡുകളിലും ഓഡിറ്റ് നടത്തി. ഈ റിപ്പോര്‍ട്ട് വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ പദ്ധതികള്‍ക്ക് 18 കോടിയുടെ അംഗീകാരം ലഭിച്ചതെന്ന് എംവിഡി അറിയിച്ചു.
എംവിഡി കുറിപ്പ്: ”കേരളത്തിലെ മലയോര ജില്ലയായ വയനാട്ടിലെ മാനന്തവാടി താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പ് 2022 -23 വര്‍ഷങ്ങളില്‍ നടന്ന റോഡ് അപകടങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിഹാരമാര്‍ഗ്ഗങ്ങളും, കരുതല്‍ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ എല്ലാ പിഡബ്ല്യുഡി റോഡുകളും മോട്ടോര്‍ വാഹന വകുപ്പും പൊതുമരാമത്ത് റോഡ് വിഭാഗവും സംയുക്തമായി റോഡ് ഓഡിറ്റ് നടത്തി. ഓഡിറ്റ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് 17/01/2024 ന് ബഹു:വയനാട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.”
”തങ്ങളില്‍ അര്‍പ്പിതമായ ജോലിക്ക് പുറമേ സമയം കണ്ടെത്തി ഇത്തരത്തില്‍ ശാസ്ത്രീയമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയ വയനാട് എന്‍ഫോഴ്‌സ്‌മെന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ശ്രീ.അനൂപ് വര്‍ക്കിയേയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വയനാട് എന്‍ഫോഴ്‌സ്‌മെന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥരെയും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഉദ്യോഗസ്ഥരെയും അവരുടെ അര്‍പ്പണമനോഭാവവും ആത്മാര്‍ത്ഥതയും പരിഗണിച്ച് ജില്ലാ ഭരണകൂടം സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ നല്‍കി ആദരിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം 16.92കോടി രൂപയുടെ എസ്റ്റിമേറ്റ് കൂടി ഉള്‍പ്പെടുത്തി ആകെ 18.92 കോടി രൂപയുടെ എസ്റ്റിമേറ്റിന് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗീകാരം നല്‍കി.”