ചെന്നൈ: അസമിലെ ഗുവാഹത്തിയിൽനിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശിയായ ടേബിൾ ടെന്നിസ് താരം മരിച്ചു. 18 വയസ്സുകാരനായ വിശ്വ ദീനദയാലൻ ആണു ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. സീനിയർ നാഷനൽ, ഇന്റർസ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാംപ്യന്‍ഷിപ്പിൽ പങ്കെടുക്കുന്നതിന് മൂന്നു സഹതാരങ്ങൾക്കൊപ്പം ഷില്ലോങ്ങിലേക്കു പോകുകയായിരുന്നു വിശ്വ.
യുവാവിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന രമേഷ് സന്തോഷ് കുമാർ, അഭിനാഷ് പ്രസന്നജി, കിഷോർ കുമാർ എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. മേഘാലയയിലെ ഷാങ്ബംഗ്ല ഗ്രാമത്തിൽവച്ച് എതിരെ വന്ന ട്രെയിലർ ട്രക്ക് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
ടാക്സി ഡ്രൈവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. വിശ്വയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി രാജ്യാന്തര, ദേശീയ മത്സരങ്ങളിൽ കഴിവു തെളിയിച്ചിട്ടുള്ള താരമാണ് വിശ്വ. തമിഴ്നാട് അണ്ണാ നഗറിലെ കൃഷ്ണസ്വാമി ടേബിൾ ടെന്നിസ് അക്കാദമിയുടെ താരമാണ്. മരണത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അനുശോചനം രേഖപ്പെടുത്തി. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.