ദില്ലി: കോളീജിയം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കാന്‍ വൈകുന്നതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി മറയില്ലാതെ വെളിപ്പെടുത്തിയത്. ഇതിനിടെയിലും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ സേവന സേവന കാലാവധിയായ രണ്ട് വര്‍ഷത്തിനുള്ളില്‍ സുപ്രിം കോടതിയില്‍ 19 ജഡ്ജിമാരുടെ നിയമനം നടക്കും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ജഡ്ജിമാരുള്ള സുപ്രിം കോടതിയിലെ 56 ശതമാനം ജഡ്ജിമാരുടെ ഒഴിവിലേക്കുള്ള നാമനിര്‍ദേശ പ്രക്രിയയാകും കൊളീജിയം ഇതുവഴി പൂര്‍ത്തിയാക്കുക. ഇതില്‍ ഏഴ് ഒഴിവുകള്‍ അടിയന്തരമായി നികത്തും. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ 2023 ജനുവരി നാലിന് വിരമിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്നതാണ് ആദ്യത്തെ ഒഴിവ്.
അടുത്ത വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലായി ജസ്റ്റിസുമാരായ ഡി മഹേശ്വരി, എം ആര്‍ ഷാ, കെ എം ജോസഫ്, അജയ് രസ്തോഗി, വി രാമസുബ്രഹ്മണ്യന്‍ എന്നിവരും സ്ഥാനമൊഴിയും. ജസ്റ്റിസ് കൃഷ്ണ മുരാരി അടുത്ത വര്‍ഷം ജൂലൈയില്‍ വിരമിക്കുമ്പോള്‍ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന് ഒക്ടോബര്‍ വരെയാണ് കാലാവധി. ജസ്റ്റിസ് എസ് കെ കൗള്‍ 2023 ഡിസംബറില്‍ വിരമിക്കും. 2024 ഏപ്രിലില്‍ ജസ്റ്റിസ് അനിരുദ്ധ ബോസും, എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവര്‍ മേയ്, സെപ്റ്റംബര്‍ മാസങ്ങളിലും സുപ്രിം കോടതിയില്‍ നിന്നും വിരമിക്കും. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിന്‍റെ നേതൃത്വത്തിലുള്ള കൊളീജിയം നല്‍കിയ ശിപാര്‍ശ കേന്ദ്രത്തിന്‍റെ പരിഗണനയിലാണ്. ഈ നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആദ്യ സുപ്രിം കോടതി ജഡ്ജി ദീപാങ്കര്‍ ദത്തയാകും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ പിതാവ് വൈ വി ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന 1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെയുള്ള ഏഴ് വര്‍ഷ കാലാവധിയില്‍ 14 സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനമാണ് നടന്നത്. വൈ വി ചന്ദ്രചൂഡിന്‍റെ കാലത്ത് കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചായിരുന്നു സുപ്രിം കോടതി ജഡ്ജിമരുടെ നിയമനങ്ങള്‍ നടപ്പാക്കിയിരുന്നത്. അദ്ദേഹം ചീഫ് ജസ്റ്റിസായിരിക്കെ നിയമിച്ച 14 പേരില്‍ മൂന്നുപേര്‍ ജുഡീഷ്യറിയുടെ തലപ്പത്തെത്തി. ജസ്റ്റിസുമാരായ ഇ എസ് വെങ്കടരാമയ്യ, സബ്യസാചി മുഖര്‍ജി, രംഗനാഥ് മിശ്ര എന്നിവരായിരുന്നു അവര്‍. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസായിരുന്ന മൂന്നര വര്‍ഷ കാലയളവില്‍ 15 ജഡ്ജിമാരെ നിയമിച്ചിരുന്നു. ഇതില്‍ ജസ്റ്റിസുമാരായ പി സദാശിവം, ആര്‍ എം ലോധ, എച്ച് എല്‍ ദത്തു, ടി.എസ് താക്കൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസുമാരായത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്നയാകും ചീഫ് ജസ്റ്റിസായി എത്തുക. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത്, വിക്രംനാഥ്, നാഗരത്ന, പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിങ്ങനെയാണ് 2030 വരെ ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക.