പത്തനംതിട്ട : ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നാളെ സമാപനം. പമ്പാ സ്‌നാനത്തിനും നെയ്യഭിഷേകത്തിനും ഉള്‍പ്പെടെ നിയന്ത്രണങ്ങളോടെയാണ് മണ്ഡലകാലം ആരംഭിച്ചത്. പിന്നീട് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കിയതോടെ തീര്‍ഥാടകര്‍ ഒഴുകിയെത്തി. 19 ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. വരുമാനം 150 കോടിയിലധികം രൂപ. വരുമാനത്തിലെ മുഖ്യപങ്കും അപ്പം, അരവണ വില്‍പനയിലൂടെയാണ്. ഇന്നും കൂടി മാത്രമാണ് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കൂ. വൈകിട്ട് 5ന് ശേഷം പമ്പയില്‍നിന്ന് ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ല. നെയ്യഭിഷേകം പൂര്‍ത്തിയായതിനാല്‍ ഇന്ന് എത്തുന്നവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ടാകില്ല.
മകരവിളക്കു കാലത്തെ ചടങ്ങുകള്‍ അവസാന ഘട്ടത്തിലാണ്. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് രാത്രി ഗുരുതി നടക്കും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. രാജപ്രതിനിധിയുടെ ദര്‍ശനം കഴിഞ്ഞാല്‍ മേല്‍ശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12ന് വൈകിട്ട് ശബരിമല നട തുറക്കും.