റാഞ്ചി: ജാർഖണ്ഡിൽ പ്രണയാർഭ്യർഥന നിരസിച്ച പെണ്കുട്ടിയെ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പ്രതി ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു.
ജാർഖണ്ഡിലെ ധുംകയിലാണ് അങ്കിത എന്ന പ്ലസ്ടു വിദ്യാർത്ഥിനി ക്രൂരമായി കൊല്ലചെയ്യപ്പെട്ടത്. നിർമാണ തൊഴിലാളിയായ ഷഫീഖ് പ്രണയാഭ്യർത്ഥനയുമായി പല തവണ ഫോണിൽ അങ്കിതയെ ബന്ധപ്പെട്ടിരുന്നു. തന്നോട് സംസാരിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഷഫീക്ക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അങ്കിത മരിക്കും മുമ്പ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച വീട്ടിൽ ഉറങ്ങി കിടന്ന അങ്കിതയുടെ ദേഹത്തേക്ക് ഷഫീക്ക് ജനലിലൂടെ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. വേദനയോടെ ഉണർന്ന അങ്കിത മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി. തീകെടുത്തിയ ശേഷം മാതാപിതാക്കൾ അങ്കിതയെ ഉടനെ ആശുപത്രിയിലെത്തിച്ചു.
90 ശതമാനം പൊള്ളലുമായി ഒരാഴ്ച്ചയോളം ചികിത്സയിൽ കഴിഞ്ഞ അങ്കിത ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. കേസെടുത്ത പൊലീസ് തൊട്ടടുത്ത ദിവസം തന്നെ ഷഫീക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.
ഞെട്ടിക്കുന്ന സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്.