ജെറുസലേം : ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരണസംഖ്യ 1900 കവിഞ്ഞു. പലസ്തീന്‍ ഭാഗത്ത് 900ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രയേലിൽ 1000ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് ആക്രമണത്തില്‍ 1000 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ 123 പേര്‍ സൈനികരാണ്. ഇതിനിടെ ഗാസയില്‍ ആക്രമണം ശക്തമാക്കി. ഗാസാ മുനമ്പിലെ 70 കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.
ഇസ്രയേല്‍ ആക്രമണത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. റഫ പാലത്തിന് നേരെയും ബോംബാക്രമണം നടന്നു. ഇതേ തുടര്‍ന്ന് പാലം അടച്ചു. ഇതോടെ വെള്ളം ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണവും നിലച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ അധിനിവേശ കിഴക്കന്‍ ജെറുസലേമില്‍ രണ്ട് പലസ്തീന്‍ യുവാക്കളെ ഇസ്രയേലി പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഇസ്രയേലിലേക്ക് ഹമാസ് സായുധ സംഘാംഗങ്ങള്‍ നുഴഞ്ഞ് കയറിയതായി സംശയം പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.












