കടൽ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഇവയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരകലകളെ നിർമിക്കാനും കേടുപാടുകൾ തീർക്കാനും കൂടാതെ ഹോർമോണുകളെയും എൻസൈമുകളെയും ഉൽപാദിപ്പിക്കാനും ആവശ്യമായ മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. കടൽ വിഭവങ്ങളില്‍ പ്രോട്ടീൻ കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി, അയഡിൻ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ് അയഡിൻ. തൈറോയ്ഡ് ഹോർമോണിനെ ഉണ്ടാക്കാൻ തൈറോയ്ഡ് ഗ്രന്ഥി അയഡിൻ ഉപയോഗിക്കുന്നു. ശരീരത്തിന്റെ ഊർജോൽപാദനവും ഉപാപചയപ്രവർത്തനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തൈറോയ്ഡ് പ്രധാനമാണ്. പോഷകങ്ങളെ കൂടാതെ കടൽവിഭവങ്ങളിൽ പൂരിത കൊഴുപ്പുകളും കാലറിയും വളരെ കുറവാണ്. ശരീരഭാരം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ചതാണ്. ഉയർന്ന കൊളസ്ട്രോൾ ഉളളവർക്കും കടൽവിഭവങ്ങൾ കഴിക്കാം. കാരണം ഇവയിൽ കൊളസ്ട്രോൾ ഇല്ല.
കടൽ വിഭവങ്ങളിൽ ഗുണങ്ങൾ ഏറിയ ഒന്നാണ് ചെമ്മീൻ. എളുപ്പത്തിൽ ലഭ്യമാകുന്നതും പോഷകങ്ങൾ അടങ്ങിയതുമായ ചെമ്മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം.
∙ പോഷകങ്ങളാൽ സമ്പന്നം
വൈറ്റമിനുകളും ധാതുക്കളും ചെമ്മീനിൽ ധാരാളമായടങ്ങിയിരിക്കുന്നു. വൈറ്റമിൻ ബി 12, സെലെനിയം, ഫോസ്ഫറസ്, കോളിൻ, കോപ്പർ തുടങ്ങിയവ ചെമ്മീനിലുണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുകയും തലച്ചോറിന് ആരോഗ്യമേകുകയും ചെയ്യുന്നു.
∙ കലാറി കുറവ്
ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ആഗ്രഹിക്കുന്നവർക്ക് ചെമ്മീൻ നല്ലൊരു ഓപ്ഷൻ ആണ്. 3 ഔൺസ് ചെമ്മീനില്‍ 84 കാലറി മാത്രമേ ഉള്ളൂ. കാലറി വളരെ കുറഞ്ഞ പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണമാണ് ചെമ്മീൻ.
∙ പ്രോട്ടീനിന്റെ കലവറ
പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് ചെമ്മീന്‍. 3 ഔൺസ് ചെമ്മീനിൽ 20 ഗ്രാം പ്രോട്ടീൻ ഉണ്ട്. ശരീരകലകളെ നിർമിക്കാനും കേടുപാടുകൾ തീർക്കാനും പ്രോട്ടീൻ സഹായിക്കുന്നു. കൂടാതെ പേശികളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ചെമ്മീനിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉണ്ട്. ഇത് ഇൻഫ്ലമേഷന്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പതിവായി ചെമ്മീൻ കഴിച്ചാൽ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഒരിനം കൊഴുപ്പ് ആണ് ട്രൈഗ്ലിസറൈഡുകൾ.