സമസ്തിപൂർ: ബിഹാറിലെ സമസ്തിപൂരിൽ കോടതി പരിസരത്ത് വെടിവയ്പ്പില്‍ 2 പേര്‍ക്ക് പരിക്ക്. കോടതി വളപ്പിൽ അതിക്രമിച്ച് കയറിയ 4 പേരാണ് വെടിയുതിർത്തത്. ജയിൽപുള്ളികളായ 2 പേർക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ശനിയാഴ്ചയാണ് കോടതി വളപ്പില്‍ വെടിവയ്പുണ്ടായത്. അനധികൃത മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രഭാത് ചൌധരി എന്നയാളെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വെടിവയ്പെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്.
വെടിവയ്പില്‍ പ്രഭാതിന് പരിക്കുണ്ട്. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അക്രമികള്‍ കോടതി പരിസരത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിന് പിന്നില്‍ അനധികൃത മദ്യ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് കാരണമെന്നാണ് പൊലീസ് ഭാഷ്യം. പ്രഭാത് ചൌധരിയെ കോടതിയിലേക്ക് കൊണ്ടുപോവുകയും കോടതിയിലെ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടേയും അശ്രദ്ധയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് എസ്പി വിനയ് തിവാരി വിശദമാക്കുന്നത്. വെടിവയ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.
കോടതി പരിസരത്തുണ്ടായ ആക്രമണത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ വെടിവയ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കല്‍ക്കരി മാഫിയയും മണല്‍ മാഫിയയും പൊലീസിനെ ആക്രമിക്കുന്ന സാഹര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാവിനെ നാലംഗസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകനായ വിമൽ കുമാറിൻറെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ്.