അങ്കമാലി : ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 2 കിലോഗ്രാം ഹഷീഷ് ഓയിലുമായി നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമ വിദ്യാർഥി കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് അയ്യമ്പ്രാത്ത് മുഹമ്മദ് അസ്‌ലം (23), തൃശൂർ പട്ടിക്കാട് പാത്രക്കടയിൽ ക്ലിന്റ് സേവ്യർ (24) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇന്നലെ രാവിലെ 7 മണിയോടെ അങ്കമാലി പോലീസ് സ്റ്റേഷന് സമീപം എത്തിയപ്പോൾ പോലീസ് പരിശോധിച്ചതിനെ തുടർന്നു ബസ് യാത്രക്കാരനായ അസ്‌ലം പിടിയിലാകുകയായിരുന്നു.
അസ്‌ലം ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് വാങ്ങാൻ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് ക്ലിന്റ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നതിനു പണം മുടക്കിയതും ക്ലിന്റ് ആണെന്ന് പോലീസ് പറഞ്ഞു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് വേണ്ടിയാണു ലഹരിമരുന്ന് എത്തിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നിനു പൊതുവിപണിയിൽ കോടികൾ വിലവരും. ആന്ധ്രയിലെ പഡേരുവിൽ നിന്ന് ട്രെയിനിലാണ് ലഹരിമരുന്ന് ബെംഗളൂരുവിൽ എത്തിയത്. ബസിൽ 2 ബാഗുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് പിടികൂടുമെന്നായപ്പോൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ക്ലിന്റിനെ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
ഇരുവരും ചേർന്ന് ഇതിനു മുൻപും ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. നർകോട്ടിക് സെൽ ഡിവൈഎസ്പി സക്കറിയ മാത്യു, ആലുവ ഡിവൈഎസ്പി പി.കെ.ശിവൻകുട്ടി, അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, ഉദ്യോഗസ്ഥരായ എൽദോ പോൾ, മാർട്ടിൻ ജോൺ, റെജിമോൻ, എൻ.എം.അഭിലാഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.