മുംബൈ: കഴിഞ്ഞ 24 മണിക്കൂറായി മഹാരാഷ്ട്രയിലെ താനെയിലും പാൽഘട് മേഖലയിലും ശക്തമായ മഴ. മഴ രൂക്ഷമായതോടെ പല മേഖലകളും വെള്ളത്തിനടിയിലായി. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടുപേർ ഒലിച്ചുപോയി. അതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. താനെ മേഖലയിലെ ദിവയിൽ നിന്ന് 16 കാരനായ കുട്ടി ഒലിച്ചുപോയിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് കുട്ടി ഒലിച്ചുപോയത്. കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
മഴക്കെടുതിയിൽ നിരവധി കാറുകളും തകർന്നു. ബുധനാഴ്ച രാത്രി നവി മുംബൈയിലെ എൻ.ആർ.ഐ കോപ്ലക്സിന്റെ ചുറ്റുമതിൽ തകർന്നു വീണുവെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ ദുരന്ത നിവാരണ സെൽ മേധാവി ഡോ. ബാബസാഹെബ് രജലെ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ചില കാറുകൾക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി 200 എം.എം. മഴയാണ് പെയ്തതെന്നും ഇന്ന് രാവിലെ 8.30 നാണ് മഴ അവസാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി. താഴ്ന്ന പ്രദേശമായ ഭിവണ്ടി, കല്യാൺ, ഉല്ലാസനഗർ എന്നിവിടങ്ങളെല്ലാം വെള്ളത്തിനടയിലായതായി ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം വ്യക്തമാക്കി.




















