കോഴിക്കോട്/തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ കോഴിക്കോട് കക്കയത്തും തൃശൂര്‍ പെരിങ്ങല്‍കുത്തിലുമായി രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വനം മന്ത്രി എകെ ശശീന്ദ്രൻ. ഖേദകരമായ സംഭവമാണ് കക്കയത്തും തൃശ്ശൂരിലും ഉണ്ടായത്. മരിച്ചവരുടെ കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുകയാണ്. കക്കയത്ത് ആര്‍ആര്‍ടിയോട് ജാഗ്രതയോടെ പ്രവർത്തിക്കാൻ നിർദേശം നൽകി. നിരീക്ഷണം ശക്തിപ്പെടുത്തണം. കാട്ടുപോത്തിനെ മയക്കു വെടി വെക്കാനുള്ള നിർദേശം നൽകി. സിസിഎഫ് വിനോദ് സ്ഥലത്തെത്തി ചർച്ചകൾ നടത്തും. സർക്കാരിന് ചെയ്യാൻ പറ്റുന്ന എല്ലാ സഹായവും ചെയ്യും. മലയോര മേഖലയിൽ മനുഷ്യ ജീവൻ നഷ്ടപെടുന്നത് ഖേദകരമാണ്. എന്ത് കൊണ്ടാണ് അക്രമം കൂടുന്നത് എന്നതിൽ ശാസ്ത്രീയമായി ഒരു നിഗമനം ഉണ്ടായിട്ടില്ല.
പ്രതിഷേധങ്ങളെ തള്ളിപ്പറയില്ല. മൃതദേഹം വെച്ചുള്ള പ്രതിഷേധങ്ങൾ തുടരണോ എന്ന് ആലോചിക്കേണ്ടതാണ്. മൃതദേഹം വെച്ചുള്ള വിലപേശൽ ശരിയാണോ എന്ന് പൊതുസമൂഹം ആലോചിക്കണം. കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ആനയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫെൻസിങ് പരിചരണം നടത്താൻ സംവിധാനം പരിമിതമാണ്. നഷ്ടപരിഹാരം കൊടുക്കുന്നതിൽ കാലതാമസമുണ്ടാകില്ല. തൃശൂരിൽ വീഴ്ച്ച ഉണ്ടായോ എന്നത് പരിശോധിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, വന്യജീവി ആക്രമണത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. വന്യമൃഗങ്ങളുടെ ദയാവായ്പിന് സർക്കാർ ജനങ്ങളെ വിട്ടു കൊടുക്കുകയാണ്. വനം വകുപ്പിന് ഒരു പദ്ധതിയുമില്ല. സര്‍ക്കാര്‍ പൂര്‍ണമായും നിഷ്ക്രിയമാണ്. രണ്ടിടങ്ങളിലെ കൊലപാതകത്തിലും സര്‍ക്കാരാണ് ഉത്തരവാദിയെന്നും വിഡി സതീശൻ ആരോപിച്ചു.