ന്യൂഡൽഹി: ടെക്കികൾക്ക് ദൗർഭാഗ്യകരമായ വർഷമാണ് 2023. രണ്ടു ലക്ഷത്തിലധികം ടെക്കികൾക്കാണ് ഈ വർഷം ജോലി നഷ്ടപ്പെട്ടത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളായ മെറ്റ, ബി.ടി, വോഡാഫോൺ തുടങ്ങിയ കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരുച്ചുവിട്ടതാണ് ടെക്കികളെ പ്രതിസന്ധിയിലാക്കിയത്. സ്വകാര്യ വെബ്സൈറ്റിന്‍റെ കണക്കുകൾ പ്രകാരം 695 കമ്പനികളിൽ നിന്ന് 1.98 ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ടു.
2022ൽ 1,046 കമ്പനികളിൽ നിന്നായി 1.61 ലക്ഷം ജീവക്കാരെയായിരുന്നു പിരിച്ചുവിട്ടത്. എന്നാൽ ഈ വർഷം ജനുവരിയിൽ മാത്രം ഐ.ടി മേഖലയിൽ നിന്ന് ഒരു ലക്ഷം പേർക്ക് ജോലി നഷ്ടമായി. ആമസോൺ, മൈക്രോസോഫ്റ്റ് , ഗൂഗിൾ, സെയ്‍ൽസ് ഫോഴ്സ് തുടങ്ങിയ കമ്പനികൾ ജനുവരിയിൽ ജീവനക്കാരെ പിരിച്ചുവിട്ടവരിൽപ്പെടും. 2022മുതൽ ഈ വർഷം മേയ് വരെ 3.6 ലക്ഷം ടെക്കികൾക്ക് ജോലി നഷ്ടപ്പെട്ടു. പ്രമുഖ കമ്പനികളിൽ നിന്നടക്കം ജീവനക്കാരെ പിരിച്ചുവിടൽ തുടരുകയാണ്.കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി യാണ് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത്.