ബെംഗളൂരു; കര്‍ഷക കുടുംബത്തില്‍നിന്നു വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് രണ്ടു ലക്ഷം രൂപ വാഗ്ദാനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. കോലാറില്‍ നടന്ന ‘പഞ്ചരത്ന’ റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കര്‍ഷകരുടെ മക്കളായത് കൊണ്ട് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിക്കുന്നുവെന്ന് തനിക്ക് നിരവധി പരാതികള്‍ ലഭിച്ചു. ഇത് പരിഹരിക്കുന്നതിനായി തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. അതിനിടെ, കര്‍ണാടകയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക ജെഡി (എസ്) ഉടന്‍ പ്രഖ്യാപിക്കും.