തിരുവനന്തപുരം: ഓണത്തിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. ധനവകുപ്പ് ഉത്തരവ് ഉടൻ ഇറങ്ങും. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയിൽ 4500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകൾക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം.
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ കുടിശിക കൂടി ചേര്‍ത്താണ് ഒണത്തിന് മുൻപ് പണം കിട്ടുന്നത്. അറുപത് ലക്ഷത്തോളം ആളുകൾക്ക് 3200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകളിൽ പ്രധാനം ക്ഷേമ പെൻഷൻ വിതരണമായിരുന്നു. ഇതടക്കം സാമൂഹിക സുരക്ഷാ നടപടികൾക്ക് കൂടുതൽ പണം വകയിരുത്തുമെന്നാണ് ധനവകുപ്പ് പറയുന്നത്.
കടമെടുപ്പ് പരിധിയിൽ 4500 കേന്ദ്രം അനുവദിച്ച 4500 കോടി രൂപ ഇതായി വിനിയോഗിക്കും. ഡിസംബര്‍ വരെ കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി 20512 ആയിരുന്നു. അര്‍ഹമായതിൽ 13000 കോടിയോളം കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം നിരന്തരം സമീപിച്ചതിനെ തുടര്‍ന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.