തൃശൂര്‍: തൃശൂരില്‍ സ്വര്‍ണ തൊഴിലാളികളെ കുത്തിപ്പരിക്കേല്‍പ്പിച്ച് 632 ഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പ്രതികളെക്കൂടി പിടികൂടി. തൃശൂര്‍ സിറ്റി എസിപി സലീഷ് ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂലമറ്റം സ്വദേശികളായ രണ്ടു പ്രതികളെ പിടികൂടിയത്. ഇടുക്കി കാരിക്കോട് തെക്കുംഭാഗം ദേശത്ത് പള്ളിപറമ്പില്‍ വീട്ടില്‍ പക്കി എന്നുവിളിക്കുന്ന സാംസണ്‍ പീറ്റര്‍ (21), ഇടുക്കി കരിങ്കുന്നം പൊന്നംതാനം സ്വദേശിയായ പടികാച്ചികുന്നേല്‍ വീട്ടില്‍ നന്ദു ദീപു (21) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അന്വേഷണ സംഘം അറസ്റ്റു് ചെയ്തത്.
ആലുവ സ്വദേശികളായ സ്വര്‍ണ വ്യാപാരികളെ തൃശൂരിലേക്കു വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിലാണ് രണ്ടു പേരെക്കൂടി തൃശൂര്‍ എ.സി.പിയുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഷെമീറിനെയും ഷെഹീദിനെയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേന തൃശൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് കുത്തിപ്പരിക്കേല്‍പ്പിച്ച് നാല്പത് ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നത്.
ഈ കേസില്‍ മൂന്ന് പ്രതികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ പ്രതികളെ പിടികൂടാനായുള്ള തെരച്ചിലിനിടയില്‍ അന്വേഷണ സംഘം ഇരുവരെയും ഇടുക്കി മൂലമറ്റത്തു നിന്നും കണ്ടെത്തുകയായിരുന്നു. തൊടുപുഴ കരിങ്കുന്നം, എന്നീ പോലീസ് സ്റ്റേഷനുകളിലായി മൂന്നുകേസുകളിലെ പ്രതിയാണ് സാംസണ്‍ പീറ്റര്‍. കാളിയാര്‍, തൊടുപുഴ, കരിങ്കുന്നം, കോട്ടയം, കോന്നി എന്നീ പോലീസ് സ്റ്റേഷനുകളില്‍ അഞ്ചോളം കേസുകളിലെ പ്രതിയാണ് നന്ദു. ഇപ്പോഴത്തെ കേസിൽ കത്തികൊണ്ട് കുത്തിയും അക്രമിച്ചും പരുക്കേല്‍പ്പിച്ചുമാണ് ആലുവ സ്വദേശികളിൽ നിന്ന് സ്വർണവും പണവും പ്രതികള്‍ കവര്‍ന്നത്. കേസിൽ സ്വര്‍ണവുമായി കടഞ്ഞുകളഞ്ഞ പ്രതി ഉള്‍പ്പടെ മൂന്നു പേര്‍കൂടി വൈകാതെ വലയിലാവുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തൃശൂര്‍ എ.സി.പി. സലീഷ് ശങ്കരന്റെ നേതൃത്വത്തിലുള്ള സിറ്റി പോലീസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഇടുക്കിയിലെ മൂലമറ്റത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ ജെജോ, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൂരജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ്, ദീപക്, അജ്മല്‍ എന്നിവരും ഉണ്ടായിരുന്നു.