തിരുവനന്തപുരം : പ്രവാസി ഇന്ത്യക്കാർക്കുള്ള “ഇന്ത്യയെ അറിയുക” പരിപാടിക്ക് മുൻകൂറായി 20 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി ജീവിതം നയിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ മൂന്നാം തലമുറക്ക് മാതൃരാജ്യവുമായുള്ള ബന്ധം നിലനിർത്തുന്നതിനാണ് പരിപാടി നടത്തുന്നത്.ഇന്ത്യയുടെ സാമൂഹിക – സാംസ്കാരിക പൈതൃകത്തെക്കുറിച്ചും സമകാലിക ഇന്ത്യയുടെ വിവിധ വശങ്ങളെക്കുറിച്ചും അവരിൽ അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഓറിയന്റേഷൻ പ്രോഗ്രാമാണ് ഇന്ത്യയെ അറിയുക.സംസ്ഥാന സർക്കാർ ഈ മാസം ആറ് മുതൽ 13 വരെ പരിപാടി നടത്തുവാൻ തീരുമാനിച്ചു. ഇന്ത്യയെ അറിയുക-എന്ന പരിപാടിയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ താമസ സൗകര്യം, ആഹാരം, യാത്രാ സൗകര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി 20 ലക്ഷം രൂപ മുൻകൂറായി അനുവദിക്കണമെന്ന് റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കത്ത് നൽകി. അത് പരിഗണിച്ചാണ് പ്രവാസികാര്യ വകുപ്പ് 20 ലക്ഷം രൂപ മുൻകൂറായി അനുവദിച്ചത്.