മുംബൈ : മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി രണ്ട് പേര്‍ മരച്ചു. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ 7 മണിയോടെ കമലാ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. 15 പേര്‍ക്ക് പരുക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു. ഓക്‌സിജന്‍ സഹായം ആവശ്യമായി വന്ന ആറ് വയോധികരെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
തീ പടര്‍ന്ന് കയറിയുടന്‍ അലാം മുഴങ്ങുകയും പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. തീപിടുത്തം ലെവല്‍ മൂന്ന് (തീവ്രതയേറിയത്) ആയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പരുക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീ പടര്‍ന്ന് കയറിയത് മൂലം ഫ്‌ലാറ്റില്‍ കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിക്കാന്‍ സാധിച്ചതായി മേയര്‍ അറിയിച്ചു. പരുക്കേറ്റവരില്‍ 12 പേരെ ജനറല്‍ വാര്‍ഡിലും മൂന്ന് പേരെ ഐസിയുവിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തും പരിസരത്തും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മേയര്‍ വ്യക്തമാക്കി.