കൊച്ചി> സംസ്ഥാനത്തുടനീളം 2000 റേഷൻ കടകളാണ് കെ-സ്‌റ്റോറുകളായി ഉയർത്താൻ തീരുമാനിച്ചതെന്നും ആദ്യഘട്ടത്തിൽ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയർത്തുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. എറണാകുളം ജില്ലയിലെ 126 റേഷൻ കടകൾ മാർച്ചിന് മുമ്പ് കെ- സ്റ്റോറുകളാക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. കെ-സ്റ്റോർ ജില്ലാതല അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ കെ സ്റ്റോറുകൾ ആയി ഉയർത്തിയ 66 കടകളിൽ നിന്നും 1,45,32,652 രൂപയുടെ വരുമാനം നേടാനായി. നിലവിൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് പുറമെ വ്യവസായ വകുപ്പിൽ നിന്നുള്ള എംഎസ്എംഇ ഉൽപ്പന്നങ്ങൾ, കൃഷിവകുപ്പിന്റെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ എന്നിവയും കെ സ്റ്റോറുകൾ വഴി ലഭ്യമാക്കുന്നു. ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ റേഷൻകടകൾ വഴി പത്ത് രൂപ നിരക്കിൽ കുടിവെള്ള വിതരണം ക്രിസ്മസിന് മുമ്പ് നടപ്പാക്കി. ചെറിയ ഗ്യാസ് കുറ്റിയും കെ-സ്‌റ്റോറിൽ ലഭ്യമാക്കുന്നു. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ്, മൊബൈൽ റീചാർജിങ്, വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്റർ സേവനങ്ങൾ കെ-സ്റ്റോറുകൾ വഴി ലഭ്യമാക്കി കൂടുതൽ വരുമാനം നേടാൻ റേഷൻ വ്യാപാരികൾ മുൻകൈയെടുക്കണം.
പൊതുവിതരണ രംഗത്ത് കേന്ദ്രസർക്കാർ കേരളത്തിന് അർഹമായ പരിഗണന നൽകുന്നില്ല. കേന്ദ്ര വിഹിതം നിരന്തരം വെട്ടിക്കുറയ്ക്കുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ ഡോ.ഡി സജിത് ബാബു അധ്യക്ഷനായി. പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ ഡോ.ഡി സജിത് ബാബു അധ്യക്ഷനായി. കോമൺ സർവീസ് സെന്റർ സംസ്ഥാന കോ ഓഡിനേറ്റർ ജിനോ ചാക്കോ ക്ലാസ് നയിച്ചു.കെ മനോജ് കുമാർ, ഷെൽജി ജോർജ്, ടി സഹീർ, മാർക്കസ് ബ്രിസ്റ്റോ എന്നിവർ സംസാരിച്ചു. കെ-സ്റ്റോറിന്റെ മെച്ചപ്പെട്ട നടത്തിപ്പിനാവശ്യമായ നിർദേശങ്ങൾ റേഷൻ വ്യാപാരികൾ അവതരിപ്പിച്ചു.