മുംബൈ : വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സ്വയരക്ഷയ്ക്കായി ആയുധം കൈവശം വയ്ക്കാൻ അനുമതി തേടി ബോളിവുഡ് താരം സൽമാൻ ഖാൻ. ഇതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിന് സൽമാൻ ഖാൻ അപേക്ഷ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസം മുൻപ് സൽമാനും പിതാവ് സലിം ഖാനും എതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു
മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കറുമായി അദ്ദേഹത്തിന്റെ ഓഫിസിലെത്തി സൽമാൻ ഖാൻ കൂടിക്കാഴ്ച നടത്തി. വൈകിട്ട് നാലു മണിയോടെയാണ് സൽമാൻ ദക്ഷിണ മുംബൈയിലെ കമ്മിഷണർ ഓഫിസിലെത്തിയത്. വധഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിലാണ് ആയുധം കൈവശം വയ്ക്കാൻ അനുമതി തേടി അദ്ദേഹം അപേക്ഷ നൽകിയത്.
അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുള്ളത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്തു ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കത്ത് കണ്ടെടുക്കുകയായിരുന്നു. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയും സംഘവുമാണ് കത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.