ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിലെ ഹോം ഗ്രൗണ്ടില്‍ വിജയത്തുടക്കത്തിന് ബെംഗളൂരു ഇറങ്ങുമ്പോള്‍ ഒരു നാഴികക്കല്ല് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ കാത്തിരിക്കുന്നു. ഇന്ന് ഒരു വിക്കറ്റ് വീഴ്‌ത്തിയാല്‍ ഐപിഎല്ലില്‍ ആര്‍സിബിക്കായി സിറാജിന് 50 വിക്കറ്റുകളാകും. നിലവില്‍ 49 വിക്കറ്റാണ് സിറാജിന്‍റെ അക്കൗണ്ടിലുള്ളത്. മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും കളിച്ചിട്ടുള്ള സിറാജിന് ആകെ 65 ഐപിഎല്‍ മത്സരങ്ങളില്‍ 59 വിക്കറ്റുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ആര്‍സിബി-മുംബൈ ഇന്ത്യന്‍സ് മത്സരം. ഫാഫ് ഡുപ്ലസി ആര്‍സിബിയേയും രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിനേയും നയിക്കും. മുഹമ്മദ് സിറാജ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലുണ്ടാകും എന്നുറപ്പാണ്. പവര്‍പ്ലേയില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം കിട്ടിയാല്‍ സിറാജ് തുടക്കത്തിലെ വിക്കറ്റ് നേടാന്‍ സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ കിരീടം നേടിയ ടീമാണെങ്കില്‍ ഇതുവരെ ഐപിഎല്‍ സ്വന്തമാക്കിയിട്ടില്ല എന്ന നാണക്കേട് മാറ്റാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണില്‍ ലക്ഷ്യമിടുന്നത്. ഫാഫിന് പുറമെ വിരാട് കോലി, ദിനേശ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍, ഫിന്‍ അലന്‍ തുടങ്ങിയ താരങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌ക്വാഡിലുണ്ട്.
ഐപിഎല്ലില്‍ ഇതുവരെയുള്ള നേർക്കുനേർ പോരിൽ 30 മത്സരത്തിൽ 17ൽ ജയിച്ച മുംബൈ ഇന്ത്യന്‍സിന് ആര്‍സിബിക്ക് മേല്‍ മേൽക്കൈയുണ്ട്. ആര്‍സിബി 13 കളിയിലാണ് ഇതുവരെ ജയിച്ചത്. പ്ലേ ഓഫ് കാണാതെ പുറത്തായ സീസണുകൾക്ക് തൊട്ടടുത്ത വർഷം കിരീടവുമായി തിരിച്ചെത്തുന്നതാണ് മുംബൈയുടെ പതിവ്. 2017ലും 19ലും കിരീടം നേടിയ മുംബൈ തൊട്ട് മുമ്പുള്ള സീസണിൽ പ്ലേഓഫ് കണ്ടിരുന്നില്ല. ആരാധകർ ഈ കണക്കിലും പ്രതീക്ഷ വയ്ക്കുന്നുണ്ട്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തുടക്കം നേടി ആദ്യ കിരീടത്തിലേക്ക് കുതിക്കാനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്.