വിളപ്പിൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വിളപ്പിൽശാല പൊലീസ് അറസ്റ്റ്ചെയ്തു. മലപ്പുറം പൊന്മള പള്ളിയാലിൽ തയ്യിൽതൊടി ഹൗസിൽ മുഹമ്മദ് സക്കറിയ (28), മലപ്പുറം പൊന്മള പള്ളിയാലിൽ കുറ്റിപ്പുറത്ത് ഹൗസിൽ രാഹുൽ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. മുഹമ്മദ് സക്കറിയ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നൽകി വീഡിയോ കോൾ വഴി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇയാൾ വിവാഹിതനാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
മുഹമ്മദ് സക്കറിയയുടെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ രാഹുൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ ഫോട്ടോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി. കേസെടുത്ത വിളപ്പിൽശാല പൊലീസ് മലപ്പുറത്തുനിന്നും പ്രതികളെ അറസ്റ്റ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ ബൈജു, സിപിഒമാരായ രാജേഷ് രതീഷ്, ജയശങ്കർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.