സമൂഹ വിവാഹങ്ങൾ പലതും നാം കണ്ടിട്ടുണ്ട്. എന്നിരുന്നാലും, ഇത്രയധികം പേർ ഒരുമിച്ച് വിവാഹം കഴിക്കുന്നത് ഇതിന് മുമ്പ് നാം കണ്ടിട്ടുണ്ടാവില്ല. രാജസ്ഥാനിലെ ബാരനിൽ കഴിഞ്ഞദിവസം നടന്ന ഒരു വിവാഹ ആഘോഷം തകർക്കുന്നത് രണ്ട് ലോക റെക്കോർഡുകൾ. ആറുമണിക്കൂർ നീണ്ടുനിന്ന വിവാഹാഘോഷ ചടങ്ങിൽ ഒരേ വേദിയിൽ വച്ച് വിവാഹിതരായത് 2,143 ദമ്പതികൾ ആണ്. ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥാൻ എന്ന രജിസ്റ്റേർഡ് ട്രസ്റ്റാണ് ഹിന്ദു, മുസ്ലീം വിവാഹങ്ങൾ ഉൾപ്പെടുന്ന ഈ സമൂഹവിവാഹം സംഘടിപ്പിച്ചത്.
നിലവിൽ ഗിന്നസ് റെക്കോർഡ്സിൽ ഇടം പിടിച്ചിരുന്ന രണ്ട് ലോക റെക്കോർഡുകൾ ആണ് ഈ സമൂഹവിവാഹം തകർക്കുക. 12 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ദമ്പതികൾ വിവാഹിതരായതും 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ദമ്പതികൾ വിവാഹിതരായതുമായ ഗിന്നസ് വേൾഡ് റെക്കോർഡ് ഭേദിക്കുന്ന ഈ വിവാഹാഘോഷം ആറുമണിക്കൂറിനുള്ളിൽ പൂർത്തിയായി.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ക്യാബിനറ്റ് മന്ത്രി പ്രമോദ് ജെയിൻ ഭയയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഓരോ ദമ്പതികളും അനുഗ്രഹം സ്വീകരിച്ചു. ട്രസ്റ്റ് ഓരോ ദമ്പതികൾക്കും ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി. സമ്മാനങ്ങളിൽ കിടക്ക, അടുക്കള പാത്രങ്ങൾ, ടെലിവിഷൻ, റഫ്രിജറേറ്റർ എന്നിവയും ഉൾപ്പെടുന്നു. നിരാലംബരായ ദമ്പതികളെ വിവാഹിതരാക്കാനും ഒരുമിച്ച് ജീവിതം ആരംഭിക്കാനും സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥാൻ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞതായാണ് യുപിഐ റിപ്പോർട്ട് ചെയ്യുന്നത്.
തങ്ങൾ സംഘടിപ്പിച്ച ഈ ചടങ്ങ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചതുമായി ബന്ധപ്പെട്ട ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ട്രസ്റ്റ് ഭാരവാഹികൾ.