പാലക്കാട്: പാലക്കാട് 215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ ബി ഇൻസ്‌പെക്ടർ, മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, അഗളി റേഞ്ച് എന്നീ സംഘങ്ങള്‍ സംയുക്തമായി ഇന്ന് പുലർച്ചെ 4.30 മണി മുതൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ കുറുക്കത്തിക്കല്ലു ദേശത്തെ കുറുക്കത്തികല്ല് ഊരിൽ നിന്ന് ഉദ്ദേശം ഒന്നര കിലോമീറ്റർ അകലെ നായിബെട്ടി മലയുടെ ചെരുവിലാണ് ഒരു മാസം പ്രായമുള്ള 212 ചെടികളും മൂന്ന് മാസം പ്രായമുള്ള മൂന്ന് ചെടികളും കണ്ടെത്തിയത്. ആകെ 215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചതായി സംയുക്ത സംഘം അറിയിച്ചു. ഈ സ്ഥലത്തിന് ഒന്നര കിലോമീറ്റർ മാറി താഴെയായി കുറുക്കത്തി കല്ല് ഊര് സ്ഥിതി ചെയ്യുന്നുണ്ട്. നിലവിൽ പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.