കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ടകളായ അച്ഛനെയും മകനെയും കാപ്പ ചുമത്തി നാടുകടത്തി. കാഞ്ഞിരപ്പള്ളി വണ്ടൻപാറ സ്വദേശി ഷിബു, മകൻ അരുൺ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.കോട്ടയം ജില്ലയിലെ പൊലീസുകാർക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്ന രണ്ട് ഗുണ്ടകൾ ആണിവരെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കാഞ്ഞിരപ്പള്ളി, മണിമല സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് അച്ഛനും മകനുമെതിരെയുള്ളത്. കൊലപാതകശ്രമം, മോഷണം, അടിപിടി, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങി രണ്ടാള്ക്കുമെതിരെ നിരവധി കേസുകളുണ്ട്. രണ്ട് പേരും പൊലീസിന് തീരാ തലവേദനയായതോടെ ഒടുവിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തുകയായിരുന്നു.
അതിനിടെ കോട്ടയത്ത് മറ്റൊരു സംഭവത്തിൽ ഏറ്റുമാനൂരിൽ കള്ളുഷാപ്പിൽ കയറി അതിക്രമം നടത്തിയ മറ്റൊരു അച്ഛനും മകനും അറസ്റ്റിലായി. പെരുന്പായിക്കാട് സ്വദേശി കുഞ്ഞുമോനെയും മകൻ കെനസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റാമൂനാർ കുഴിയാലിപ്പടിക്ക് സമീപമുള്ള ഷാപ്പിൽ കയറി ജീവനക്കാരനെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്. കുടിച്ച കള്ളിന്റെ പണം ചോദിച്ചപ്പോഴായിരുന്നു പ്രതികൾ ജീവനക്കാരനെ ആക്രമിച്ചത്.