ന്യൂഡൽഹി: ഇന്ത്യയെയും ശ്രീലങ്കയേയും ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ നീളമുള്ള കടല്‍പാലം നിര്‍മിക്കാനുള്ള സാധ്യതാ പഠനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ ധനുഷ്കോടിയെയും ശ്രീലങ്കയിലെ തലൈമന്നാറിനെയും ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ നേരത്തെ തന്നെ നടന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ സാധ്യത പഠനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നുവെന്നാണ് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സേതുസമുദ്രം പദ്ധതിക്ക് പകരമായി ഗതാഗത ചെലവ് പകുതിയായി കുറയ്ക്കാന്‍ കൂടി സാധിക്കുന്ന തരത്തിൽ ധനുഷ്കോടിയെയും തലൈമന്നാറിനെയും ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ പാലം നിര്‍മാണത്തിന്റെ സാധ്യതകളാണ് ആരായുന്നത്. റെയില്‍, റോഡ് സൗകര്യങ്ങളോടെയുള്ള പാലം ശ്രീലങ്കന്‍ ട്വീപിന് കരയിലേക്കുള്ള പാതയായി മാറുമെന്നും ഇന്ത്യയുടെ ദേശീയപാതാ അതോറിറ്റിക്കായിരിക്കും സാധ്യതാ പഠനത്തിന്റെ ചുമതല നല്‍കുകയെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറ് മാസം മുമ്പ് തയ്യാറാക്കിയ സാമ്പത്തിക സാങ്കേതിക സഹകരണ കരാര്‍ പ്രകാരം 40,000 കോടി രൂപയുടെ പ്രവര്‍ത്തനത്തിന് ധാരണയായിട്ടുണ്ടെന്നും പുതിയ റെയിൽവെ ലൈനും എക്സ്പ്രസ് വേയും ഉള്‍പ്പെടുന്ന പദ്ധതിക്ക് ഏഷ്യന്‍ വികസന ബാങ്കിന്റെ പിന്തുണയുണ്ടെന്നും സാധ്യതാ പഠനം ഉടന്‍ ആരംഭിക്കുമെന്നും വിശദീകരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാംമേശ്വരത്തിന്റെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ധനുഷ്കോടിയിലെ അരിചൽമുനൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. രാമസേതു നിര്‍മിച്ചതായി രാമായണത്തിൽ പരാമര്‍ശിക്കപ്പെടുന്ന സ്ഥലമാണ് അരിചാല്‍ മുനൈ. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചാണ് രാമായണവുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തത്.
കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണ സാധ്യത പരിശോധിക്കാമെന്ന് അംഗീകരിച്ചിരുന്നു. പിന്നീട് ഇത് സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും യോഗം വിളിക്കുകയും ചെയ്തു. നിര്‍മാണം സാധ്യമാവുമോ എന്നും അതിന്റെ വിവിധ വശങ്ങളുമാണ് ഇപ്പോഴത്തെ ചര്‍ച്ചകളിലുള്ളത്.