മനാമ: പബ്‍ജി ഗെയിം കളിക്കാനായി പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിച്ച 16 വയസുകാരന് ബഹ്റൈനില്‍ ജയില്‍ ശിക്ഷ. അച്ഛന്റെ ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്‍ത് 11,000 ബഹ്റൈനി ദിനാറാണ് (23 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കുട്ടി മോഷ്ടിച്ചത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ഹൈ ക്രിമിനല്‍ കോടതി കുട്ടിക്ക് ഒരു വര്‍ഷം തടവും 1000 ബഹ്റൈനി ദിനാര്‍ പിഴയും വിധിച്ചു.
65 വയസുകാരനായ ബഹ്റൈന്‍ പൗരനാണ് തന്റെ മകനെതിരെ പരാതി നല്‍കിയത്. പ്രതിയായ കുട്ടി ഉള്‍പ്പെടെ ആറ് മക്കളുള്ള അദ്ദേഹം 2020ല്‍ വിവാഹ മോചനം നേടിയിരുന്നു. അതിന് ശേഷം കുട്ടികള്‍ എല്ലാവരും അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ വിദേശയാത്ര കഴിഞ്ഞ് പിതാവ് തിരിച്ചെത്തി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം മോഷണം പോയെന്ന് കണ്ടെത്തി. നേരത്തെ 14,000 ദിനാര്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ വെറും 3000 ദിനാര്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
അന്വേഷണത്തില്‍ സ്വന്തം മകന്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്‍തും ബെനഫിറ്റ് പേ ആപ്ലിക്കേഷഷന്‍ അനുമതിയില്ലാതെ ഉപയോഗിച്ചുമാണ് പണം തട്ടിയത്. മോഷ്ടിച്ച പണമെല്ലാം പബ്‍ജി ഗെയിം കളിക്കാന്‍ ഉപയോഗിച്ചെന്ന് കുട്ടി പറഞ്ഞു. മോഷണം നടത്താന്‍ കുട്ടിയെ അമ്മ സഹായിച്ചെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നെങ്കിലും കേസില്‍ അമ്മയ്‍ക്ക് ശിക്ഷയൊന്നും വിധിച്ചിട്ടില്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായി എന്നതിനാലാണ് കേസിന്റെ വിചാരണ കുട്ടികളുടെ കോടതിയില്‍ നടക്കാതിരുന്നത്.