കണ്ണൂര്‍: കണ്ണൂരിലെ പാർട്ടി കോൺഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. യെച്ചൂരിയുടെ പ്രസംഗം മൂന്ന് മണിക്കൂർ നേരം നീണ്ടു നിന്നു. പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ യുക്രെയ്ൻ ശ്രീലങ്കൻ പ്രതിസന്ധികളും പ്രമേയത്തില്‍ ഉൾപ്പെടുത്തി. റഷ്യക്കെതിരെ കടുത്ത വിമർശനമാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി അവതരിപ്പിച്ചത്. പുടിൻ്റേത് സങ്കുചിത ദേശീയ ചിന്താഗതിയാണ്. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്നെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി പറഞ്ഞു.
അത്യുജ്ജലമായാണ് സിപിഎം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം കുറിച്ചത്. പിണറായിയും കേരളഘടകവും ഉദ്ഘാടനത്തിലും നടത്തിപ്പിലും ഉടനീളം നിറഞ്ഞുനിന്നു. അണിഞ്ഞൊരുങ്ങിയ സമ്മേളന വേദിയിൽ മുതിർന്ന അംഗം എസ് രാമചന്ദ്രൻ പിള്ള പിബി അംഗം എന്ന നിലയിലുള്ള തന്‍റെ അവസാന പാർട്ടി കോൺഗ്രസിന് പതാക ഉയർത്തി. ചേർത്തുനിർത്തി യെച്ചൂരി പ്രസംഗ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് രക്തസാക്ഷി സ്തൂപത്തിൽ പിബി അംഗങ്ങളും നേതാക്കളും അഭിവാദ്യമർപ്പിച്ചു. ഹരിശ്രീ അശോകൻ, മധുപാൽ, ഷാജി എൻ കരുൺ, ശ്രീകുമാർ, കൈതപ്രം, ഗായിക സയനോര തുടങ്ങിയവർ പാർട്ടി കോൺഗ്രസിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.