കൊച്ചി: കളമശേരി മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് 25 കോടി രൂപയാണു ചെലവഴിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ വിദ്യാർഥികളുടെ പഠനമികവിന് മണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി ഏര്‍പ്പെടുത്തിയ ‘വിദ്യാർഥികള്‍ക്കൊപ്പം കളമശ്ശേരി’ – ആകാശ മിഠായി സീസണ് നാല് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്.എ.ല്‍സി, പ്ലസ് ടു ക്ലാസുകളില്‍ മികച്ച വിജയം നേടിയവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസത്തിലും എല്ലാവരും മികച്ച വിജയം നേടണമെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വര്‍ഷവും സ്കൂളുകള്‍ തുറക്കുന്നതിനു മുന്‍പ് പ്രധാന അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍, മാനേജര്‍മാര്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ വിളിച്ച് അഭിപ്രായങ്ങള്‍ കേട്ടശേഷമാണു മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്. 210 അങ്കണവാടികളിലെ ടീച്ചര്‍മാരെ വിളിച്ച് അവരുടെ ആവശ്യങ്ങളും മനസിലാക്കി. ഇങ്ങനെ എല്ലാവരുടെയും ആവശ്യങ്ങള്‍ അറിഞ്ഞാണ് ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉളിയന്നൂര്‍ ഗവ.സ്കൂള്‍ വികസനത്തിന് 1.2 കോടി രൂപയും അറ്റകുറ്റപണികള്‍ക്കായി ആറര ലക്ഷം രൂപയും അനുവദിച്ചു. കോട്ടപ്പുറം ഗവ.എല്‍.പി സ്കൂളിന് 1 കോടി രൂപ കൂടാതെ അറ്റകുറ്റപണികള്‍ക്കായി 12.50 ലക്ഷം രൂപകൂടി നല്കി. മുപ്പത്തടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. നിലവില്‍ കുറച്ചു സ്ഥലം കൂടി സ്കൂളിനു വാങ്ങും. ഈസ്റ്റ് കടുങ്ങല്ലൂര്‍ സ്കൂളില്‍ 1.99 കോടി രൂപയും ഏലൂര്‍ ഗവ.എല്‍.പി സ്കൂളിന് ഒന്ന് കോടി രൂപയും അനുവദിച്ചു. കരുമാലൂര്‍ ഗവ.എല്‍.പി സ്കൂളിന് 75 ലക്ഷം രൂപയും അറ്റകുറ്റപണികള്‍ക്കായി 12.50 ലക്ഷം രൂപയും അനുവദിച്ചു.
അയിരൂര്‍ ഗവ.എല്‍.പി സ്കൂളിന് ഒന്ന് കോടി രൂപയും, ബിനാനിപുരം ഗവ.ഹൈസ്കൂളിന് ഒന്ന് കോടി രൂപയും അനുവദിച്ചു. നോര്‍ത്ത് കടുങ്ങല്ലൂര്‍ എല്‍.പി സ്കൂള്‍ പുനര്‍നിര്‍മ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചത്. സ്കൂളിന്റെ ശതാബ്ദി മന്ദിര ഓഡിറ്റോറിയത്തിന് 2 കോടിയും കളിക്കളം നിര്‍മ്മിക്കുന്നതിനായി 50 ലക്ഷവും അനുവദിച്ചു. എലൂര്‍ ഗവ.എച്ച്.എസ്.എസ് മികവിന്റെ കേന്ദ്രമായി ഉയര്‍ത്താന്‍ 5 കോടി രൂപയും അനുവദിച്ചു. കോങ്ങോര്‍പ്പിള്ളി ഗവ.എച്ച്.എസ്.എസ്, പാനായിക്കുളം എല്‍.പി.എസ്, കുന്നുകര ജെ.ബി.എസ് എന്നിവിടങ്ങളില്‍ കെട്ടിടവും ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 3 കോടി രൂപയും അനുവദിക്കും. മാനേജ്മെന്റ് സ്കൂളായ സെന്റ് ലിറ്റില്‍ ട്രിസാസ് സ്കൂളിന് കിച്ചനും സി.എസ്.ആര് ഫണ്ട് മുഖേന മുന്‍വശത്ത് മേല്‍ക്കൂരയും തയാറാക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ എല്ലാ ഗവണ്മെന്റ്, എയ്ഡഡ് എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ജൂലൈ ആദ്യം മുതല്‍ ബി.പി.സി.എല്‍ സഹകരത്തോടെ സൗജന്യപ്രഭാത ഭക്ഷണം വിതരണം ചെയ്യും. ചിത്രകഥകളിലൂടെ എല്ലാ എല്‍.പി സ്കൂള്‍ കുട്ടികള്‍ക്കും ശുചിത്വത്തെക്കുറിച്ച് അവബോധം നല്കുന്നതിനു ചെറുപുസ്തകവും നല്‍കും. മണ്ഡലത്തില്‍ ഒരു കോടി രൂപ ചെലവഴിച്ച് 60 അങ്കണവാടികള്‍ സ്മാര്‍ട്ടാക്കി. ബാക്കിയുള്ളതും ഈ വര്‍ഷം തന്നെ സ്മാര്‍ട്ട് ആക്കും.
വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ പൂര്‍ണമായും പ്രഥമ ശ്രുശൂഷ സാക്ഷരത നടപ്പിലാക്കും. സമ്പൂർണ പ്രഥമ ശ്രുശൂഷ സാക്ഷരത കൈവരിക്കുന്നതിന് എല്ലാ സ്കൂളുകളിലും പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ എ പ്ളസ് നേടിയവര്‍, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍, ഡോക്ടറേറ്റ് ലഭിച്ചവര്‍ എന്നിവര്‍ക്കും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കുമാണ് മന്ത്രി നേരിട്ട് പുരസ്കാരം നല്‍കിയത്. മണ്ഡലത്തില്‍ ഉള്‍പ്പെട്ട കളമശ്ശേരി, ഏലൂര്‍ നഗരസഭകളിലേയും ആലങ്ങാട്, കരുമാല്ലൂര്‍, കടുങ്ങല്ലൂര്‍, കുന്നുകര എന്നീ പഞ്ചായത്തുകളിലേയും ഉന്നത വിജയം നേടിയവര്‍ക്കും മന്ത്രി പുരസ്കാരങ്ങള്‍ നല്കി. പുരസ്കാര വിതണത്തിന്റെ ഫോട്ടോയും തല്‍സമയം വിതരണം ചെയ്തു. 2500 പേര്‍ക്ക് നിയമസഭാ മണ്ഡലത്തിലൊട്ടാകെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ആകാശ മിഠായി പുരസ്കാരം നല്കി. ഇത്തവണ 900 പേരാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്.
നിയമസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മണ്ഡലത്തില്‍ താമസിക്കുകയും മണ്ഡലത്തിന് പുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുകയും ചെയ്യുന്ന വിദ്യാർഥികള്‍ക്കുമാണ് പുരസ്കാരം നല്‍കിയത്. സ്കൂള്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ കളമശ്ശേരിയില്‍ നടപ്പാക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നാണ് ആകാശ മിഠായി പുരസ്കാരം.
പാതാളം ഏലൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു. ഏലൂര്‍ നഗരസഭ ചെയര്മാന് എ.ഡി സുജില്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ്, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, കരുമാലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു തുടങ്ങിയവര്‍ പങ്കെടുത്തു.