മംഗളൂരു: 25 ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തിൽ മംഗളൂരു ഡവലപ്മെന്‍റ് അതോറിറ്റി കമീഷണർ മൻസൂർ അലി ഖാനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. വികസന അവകാശ കൈമാറ്റ രേഖ (ടി.ഡി.ആർ) അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. കമീഷണർക്ക് വേണ്ടി തുക കൈപ്പറ്റിയ ബ്രോക്കർ മുഹമ്മദ് സലീമും അറസ്റ്റിലായി.
മംഗളൂരു കൊട്ടാരയിലെ ഗിരിധർ ഷെട്ടി നൽകിയ പരാതിയെത്തുടർന്ന് ലോകായുക്ത ഒരുക്കിയ കെണിയിൽ ഇടനിലക്കാരൻ മുഹമ്മദ് സലീം വീഴുകയായിരുന്നു. തുക കൈപ്പറ്റുന്നതിടെ ഇയാളെ ലോകായുക്ത പൊലീസ് കൈയോടെ പിടികൂടി. നേരിട്ട് പണം കൈപ്പറ്റാത്തതിനാൽ സുരക്ഷിതനാണെന്നാണ് കമീഷണർ കരുതിയതെന്ന് ലോകായുക്ത വാർത്താകുറിപ്പിൽ പറഞ്ഞു. എന്നാൽ മുഹമ്മദ് സലീം രണ്ടാം പ്രതിയും അയാളുടെ മൊഴിയനുസരിച്ച് കമീഷണർ ഒന്നാം പ്രതിയുമായി കേസ് റജിസ്റ്റർ ചെയ്താണ് അറസ്റ്റുകൾ നടത്തിയത്.
ടി.ഡി.ആർ ഫയൽ കസ്റ്റഡിയിൽ വെച്ച കമീഷണർ ബ്രോക്കർ മുഖേന കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി. മംഗളൂരു ഡവലപ്മെന്‍റ് അതോറിറ്റി (മുഡ) ഓഫിസ് ഇടനിലക്കാരുടെ പിടിയിലാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മേധാവി അറസ്റ്റിലായത്. ഈയിടെ ലോകായുക്ത മുഡ ഓഫിസിൽ നടത്തിയ റെയ്ഡിൽ ബാഗിൽ സൂക്ഷിച്ച നിലയിലും ജീവനക്കാരുടെ കൈയിൽ നിന്നും അനധികൃത പണം പിടിച്ചെടുത്തിരുന്നു.
ഇടനിലക്കാർ മുഖേന വൻതോതിൽ കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെത്തുടർന്നാണ് ലോകായുക്ത എസ്.പി സി.എ. സൈമന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. 18 മണിക്കൂർ തുടർച്ചയായി നടത്തിയ പരിശോധനയിൽ നിരവധി പേർ നേരിട്ട് പരാതികളുമായി എത്തിയിരുന്നു.
കൈക്കൂലി കിട്ടാത്ത ഫയലുകൾ അവഗണിച്ച് മൂലയിൽ കെട്ടിവെക്കുക, കൈക്കൂലി ലഭിച്ചവയിൽ വേഗത്തിൽ തീർപ്പാക്കുക, വലിയ തുക കൈക്കൂലി സാധ്യതയുള്ള ഫയലുകൾ പൂഴ്ത്തിവെക്കുക എന്നീ ശൈലിയാണ് സ്വീകരിച്ചതെന്ന് കണ്ടെത്തി.